പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ഫാള്‍ട്ട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് റീപോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ, ഏപ്രിൽ 29-നാണ് ഫാൽറ്റയിൽ വോട്ടെടുപ്പ് നടന്നത്. മണ്ഡലത്തിൽ "ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിലുള്ള നീക്കങ്ങളും" നടന്നതായി കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻപ് നടന്ന വോട്ടെടുപ്പ് റദ്ദാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
മേയ് 21ന് എല്ലാ ബൂത്തുകളിലും (285 എണ്ണം) റീപോളിങ് നടത്തും. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മെയ് 4-ന് നടക്കുമെങ്കിലും, ഫാള്‍ട്ടയിലെ വോട്ടെണ്ണൽ മെയ് 24-ലേക്ക് മാറ്റിയിട്ടുണ്ട്. റീപോളിംഗ് പൂർത്തിയായ ശേഷമേ ഈ മണ്ഡലത്തിലെ ഫലം പ്രഖ്യാപിക്കൂ.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് ദിവസം വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതികൾ കൂടി പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിർണ്ണായക നീക്കം.