ഉയർന്ന ശമ്പളമുള്ള ജോലിയായിരിക്കും ഏതൊരു വ്യക്തിയുടെയും സ്വപ്നം. പണം കൂടുമ്പോള്‍ ജീവിതം കൂടുതല്‍ മികച്ചതാകുമെന്ന് പലപ്പോഴും കരുതാറുണ്ട്. ഇപ്പോഴിതാ, അഞ്ച് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവതിയുടെ വിഡിയോ സോഷ്യലിടത്ത് വൈറലാവുന്നു. 

കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ജോയിത എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ഓരോ മാസവും അഞ്ച് ലക്ഷം രൂപ കിട്ടുന്നുണ്ടെങ്കിലും സ്വർണക്കൂട്ടിൽ അകപ്പെട്ട അവസ്ഥയാണെന്ന് തനിക്കെന്ന് യുവതി പറയുന്നു. 

അന്താരാഷ്ട്ര യാത്രകൾക്കും ആഡംബരങ്ങൾക്കും ഈ പണം ഉപകരിക്കുമെങ്കിലും, പകരം നൽകേണ്ടി വരുന്നത് മാനസിക സമാധാനവും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുമാണെന്ന് ജോയിത ഓർമ്മിപ്പിക്കുന്നു.

ഉയര്‍ന്ന ശമ്പളത്തോടൊപ്പം ബോണസായി ലഭിക്കുന്ന അമിത ജോലിഭാരവും സമ്മർദ്ദവും തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ജോയിത വ്യക്തമാക്കുന്നു. ജോലിക്ക് എപ്പോഴും ലഭ്യമായിരിക്കണം എന്ന നിബന്ധന തന്നെ കുഞ്ഞിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും അകറ്റിയതായും, പ്രമോഷന് വേണ്ടി മാത്രം ജീവിക്കുന്ന യന്ത്രമായി താൻ മാറിയതായും അവർ തിരിച്ചറിഞ്ഞു. ഇതിനെ 'ജീവിതശൈലി പണപ്പെരുപ്പം' എന്നാണ് അവർ വിളിക്കുന്നത്. 

വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് ചെലവുകൾ വർദ്ധിപ്പിക്കുകയും, പിന്നീട് ആ ആഡംബരങ്ങൾ നിലനിർത്താൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്ത ജോലിയിൽ തുടരേണ്ടി വരികയും ചെയ്യുന്ന ഒരു കെണിയാണിത്. താൻ സ്റ്റാറ്റസിന് വേണ്ടി വാങ്ങിക്കൂട്ടിയ പലതും തന്നെ ശാരീരികമായും മാനസികമായും തളർത്തുന്നവയാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഈ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു. 

എന്നാൽ തികച്ചും വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല ഇത്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെയാണ് ജോയിത ഈ മാറ്റത്തിന് തയ്യാറായത്. ജോലി രാജിവെക്കുന്നതിന് മുൻപ് തനിക്ക് ഇഎംഐ ബാധ്യതകൾ ഇല്ലെന്ന് അവർ ഉറപ്പുവരുത്തി. നിലവിൽ ഫുൾടൈം കോർപ്പറേറ്റ് ജോലിക്ക് പകരം പ്രോജക്റ്റുകളുടെ ഭാഗമായി മാത്രം പ്രവർത്തിക്കുന്ന ഒരു 'ഫ്രാക്ഷണൽ സി.എം.ഒ' ആയിട്ടാണ് അവർ ജോലി ചെയ്യുന്നത്. ഇത് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം നൽകുന്നുണ്ടെന്ന് അവർ സന്തോഷത്തോടെ പറയുന്നു. പണത്തേക്കാൾ സമാധാനത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകിയ ജോയിതയുടെ ഈ ധീരമായ തീരുമാനത്തെ സോഷ്യൽ മീഡിയ വൻതോതിലാണ് പ്രശംസിക്കുന്നത്.

ENGLISH SUMMARY:

A corporate professional named Joyeeta has gone viral after quitting her high-paying job of ₹5 lakhs per month. She describes the high-salary role as a "Golden Cage" that demanded constant availability, leading to distance from her family and personal peace. Now working as a Fractional CMO, she emphasizes that mental health and freedom are more valuable than lifestyle inflation and status.