Image Credit : Twitter

മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ബോട്ടപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാതായി. വിനോദസഞ്ചാരികളുമായി പോയ ക്രൂസ് ബോട്ടാണ് മുങ്ങിയത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച്ച 40 പേരുമായി പുറപ്പെട്ട ക്രൂസ് ബോട്ട് യാത്രമധ്യേ മുങ്ങിത്താഴുകയായിരുന്നു. അമിതഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കാണാതായവര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.