ബംഗാളില്‍ അവസാനഘട്ട വോട്ടിങ്ങിലും മികച്ച പങ്കാളിത്തം. പതിനൊന്നുമണിവരെ 39.97 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. രാവിലെ മുതല്‍ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. വ്യാപക അക്രമങ്ങളും നടന്നു. നോര്‍ത്ത് 24 പര്‍ഗനാസ്, ഹൂഗ്‌ളി, ഹൗറ, കൊല്‍ക്കത്ത ജില്ലകളിലാണ് തൃണമൂല്‍– ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഭവാനിപുരില്‍ സ്ഥാനാര്‍ഥികളായ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഒരു ബൂത്തില്‍ ഒരേ സമയം എത്തിയത് വാക്പോരിനിടയാക്കി.

കേന്ദ്ര സേനയും നിരീക്ഷകരും ബി.ജെ.പിക്കായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് മമതാ ബാനര്‍ജി ബൂത്തില്‍ സന്ദര്‍ശനം നടത്തിയത്. മമത ഗുണ്ടകളുമായി കറങ്ങുകയാണെന്ന് സുവേന്ദു അധികാരിയും ആരോപിച്ചു. ഫാല്‍ടയില്‍ ഇ.വി.എമ്മില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേര് മറച്ചെന്ന് ആരോപണം ഉയര്‍ന്നു. ശരിയാണെങ്കില്‍ റീ പോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. 

പാനിഹട്ടിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ആര്‍.ജി. കാര്‍ പീഡനത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മയെ ടി.എം.സി പ്രവര്‍ത്തകര്‍ തടഞ്ഞു. ബസന്ദി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ബികാഷ് സര്‍ദാറിന്‍റെ കാര്‍ ഒരുസംഘം തകര്‍ത്തു. ചപ്രയില്‍ ബി.ജെ.പി ബൂത്ത് ഏജന്‍റ് മൊഷറഫ് മിറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഹൂഗ്‌ളിയില്‍ ടി.എം.സി– ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഏഴ് ജില്ലകളിലെ 142 മണ്ഡലങ്ങള്‍ ആണ് വിധിയെഴുതുന്നത്. 1448 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഒന്നാംഘട്ടത്തിലേതിന് സമാനമായി ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഭവാനിപുരാണ് രണ്ടാംഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. ആര്‍.ജി. കർ മെഡിക്കല്‍ കോളജ് പീഡനത്തില്‍ കൊലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ മല്‍സരിക്കുന്ന പനിഹട്ടിയും വ്യാപക സംഘര്‍ഷം നടന്ന അതിര്‍ത്തി ജില്ലയായ നോര്‍ത്ത് 24 പര്‍ഗനാസും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി റെക്കോർഡ് പോളിങിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ത്രീകളും യുവാക്കളും കൂട്ടത്തോടെ എത്തി വോട്ടു ചെയ്യണം എന്നും മോദി. ഇന്നത്തെ വോട്ടെടുപ്പോടെ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. മേയ് നാലിനാണ് ഫലപ്രഖ്യാപനം. ഇന്ന് വൈകിട്ട് ആറരമുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മനോരമ ന്യൂസ് സീ വോട്ടർ മെഗാ എക്സിറ്റ്പോൾ വൈകിട്ട് 7 മണി മുതൽ മനോരമ ന്യൂസിൽ കാണാം.

West Bengal Elections: Final Phase Voting Underway:

The final phase of West Bengal Assembly elections 2026 saw a high voter turnout, reaching 39.97% by 11 AM. Intense clashes between TMC and BJP workers were reported in districts like North 24 Parganas and Hooghly. High-profile drama unfolded in Bhawanipur as Mamata Banerjee and Suvendu Adhikari engaged in a heated verbal spat at a polling booth. With 142 seats at stake, polling concludes today, followed by exit polls starting at 6:30 PM and final results on May 4.