vande-bharat-express-derailment-pune

മഹാരാഷ്ട്രയിലെ പൂണെയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ ‘ഡയമണ്ട് ക്രോസിങി’ല്‍ വച്ച് വന്ദേഭാരത് എക്സ്പ്രസ് പാളം തെറ്റി. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ട്രെയിൻ നമ്പർ 22225, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി)- സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചുകളില്‍ ഒന്നാണ് പാളം തെറ്റിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് സെൻട്രൽ റെയിൽവേ സ്ഥിരീകരിച്ചിട്ടുണ്ട്.

പൂനെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് നാലാമത്തെ കോച്ച് പാളത്തില്‍ നിന്നും തെന്നിമാറിയത്. ട്രെയിന്‍ പാളം തെറ്റിയ സമയം വലിയ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവം തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് ട്രെയിന്‍ ഉടന്‍ നിര്‍ത്തുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ റെയിൽ‌വേയുടെ ഡയമണ്ട് ക്രോസിങായിരിക്കാം വില്ലനായത് എന്നാണ് കരുതുന്നത്.

ട്രെയിൻ വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നതെന്നും പെട്ടെന്ന് കുലുക്കമുണ്ടാകുകയും നിര്‍ത്തുകയും ചെയ്യുകയായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നാലെ ലോക്കോ പൈലറ്റ് സ്ഥിതിഗതികൾ യാത്രക്കാരെ അറിയിക്കുകയും സെൻട്രൽ റെയിൽവേ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു റേക്ക് എത്തിച്ച് അതിലേക്ക് മാറ്റിയാണ് സോളാപൂരിലേക്കുള്ള യാത്ര തുടര്‍ന്നത്.

പൂനെ സ്റ്റേഷനിലെ യാർഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി നവീകരിക്കാനിരുന്ന ക്രോസിങിലാണ് സംഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നവീകണ പദ്ധതികള്‍ വേഗത്തിലാക്കിയതായി സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) അറിയിച്ചു. ഡയമണ്ട് ക്രോസിങ് ഉടൻ മാറ്റിസ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ നിലവാരമില്ലാത്ത ഡയമണ്ട് ക്രോസിങുകളും കണ്ടെത്തി മാറ്റിസ്ഥാപിക്കാൻ ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

റെയിൽവേ ട്രാക്കിലെ രണ്ട് റെയിൽ‌വേ ലൈനുകൾ പരസ്പരം മുറിച്ചുകടന്ന് ഡയമണ്ട് ആകൃതി ഉണ്ടാക്കുന്ന പോയിന്റിനെയാണ് ഡയമണ്ട് ക്രോസിങ് എന്നു പറയുന്നത്. തേയ്മാനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഇടക്കിടെയുള്ള അറ്റകുറ്റപ്പണികളും ഈ ക്രോസിങില്‍ ആവശ്യമാണ്. ട്രെയിനുകൾക്ക് കർശനമായി കുറഞ്ഞ വേഗത (v<=20 km/h) നിലനിർത്തിയാണ് ഈ ക്രോസിങുകള്‍ കടക്കാറുള്ളത്.

ENGLISH SUMMARY:

A coach of the Mumbai-Solapur Vande Bharat Express (Train No. 22225) derailed while entering Pune Railway Station on Monday evening. The incident occurred at around 7:30 PM at a diamond crossing near Platform 3. No passengers were injured, and Central Railway arranged an alternative rake for the onward journey. Following the mishap, Indian Railways has issued an order to replace all non-standard diamond crossings across the network on priority to ensure safety and prevent future technical failures.