പ്രതീകാത്മക ചിത്രം

ആംബുലന്‍സിന് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ രോഗി മരിച്ച സംഭവത്തില്‍ കേസ്. ഉത്തര്‍പ്രദേശിലെ തെംഗ്രാഹിയിലാണ് സംഭവം. മെസേഴ്സ് ഭൂഷൺ സർവീസ് സ്റ്റേഷൻ മാനേജർ അശോക് കുമാർ ഭാരതിക്കെതിരെ അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു.

ഏപ്രില്‍ 22ന് രാത്രി ഒമ്പതരയോടെയാണ് പെട്രോള്‍ തീര്‍ന്ന അവസ്ഥയില്‍ ആംബുലന്‍സ് ഈ പമ്പില്‍ എത്തുന്നത്. പാണ്ഡേപൂർ സ്വദേശിയായ 50കാരന്‍ ഛത്ത് ശർമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അന്നുരാതി ശര്‍മയ്ക്ക് ഗുരുതരമായ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണ് കുടുംബം സ്വകാര്യ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് തിരിച്ചത്.

ഏകദേശം 15മിനിറ്റിലേറെ ആംബുലന്‍സ് ഡ്രൈവറും കുടുംബവും ഇന്ധനം ആവശ്യപ്പെട്ട് പമ്പില്‍ നിന്നതായും എന്നാൽ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഇന്ധനം നൽകാൻ മാനേജര്‍ തയാറായില്ലെന്നുമാണ് പരാതി. സപ്ലൈ ഇൻസ്പെക്ടർ ഇന്ദ്രേഷ് കുമാർ തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.

അതേസമയം ജില്ലാ മജിസ്‌ട്രേറ്റ് മംഗള്‍ പ്രസാദ് സിങ്ങിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പമ്പിൽ ആവശ്യത്തിന് പെട്രോളും ഡീസലും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചിരുന്നുവെന്ന് ഭൈരിയ സര്‍ക്കിള്‍ ഓഫീസര്‍ മുഹമ്മദ് ഫാഹിം ഖുറേഷി പറഞ്ഞു.  

പെട്രോള്‍ പമ്പ് മാനേജര്‍ നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികളും സ്ഥലം സന്ദർശിച്ചിട്ടുണ്ട്. പമ്പിനെതിരെ കൂടുതൽ കർശന നടപടികൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്. 

Ambulance Fuel Shortage Leads to Patient Death, Case Filed:

A patient died due to an ambulance running out of fuel, leading to a case against a petrol pump manager in Uttar Pradesh. This incident highlights critical failures in emergency services and raises serious concerns about accountability.