എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത പാക്കറ്റ് പലഹാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിക്സ്ച്ചറും കപ്പയും ചക്കയും കായയും കടലയുമൊക്കെ വറുത്ത പാക്കറ്റുകള്‍ ചായക്കൊപ്പം കഴിക്കാന്‍ നാം വാങ്ങാറുണ്ട്. എന്നാല്‍ നാവിലെ രുചിക്കപ്പുറം ഇതൊക്കെ ഉണ്ടാക്കുന്ന സാഹചര്യത്തെ പറ്റി നാം ബോധവാന്മാരാവില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ പലഹാരങ്ങളുണ്ടാക്കുന്ന വിഡിയോകള്‍ ദിവസേനെയെന്നോണം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അങ്ങനെയൊരു വിഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഒരു ചിപ്സ് നിർമ്മാണ യൂണിറ്റിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അടിവസ്ത്രം മാത്രം ധരിച്ച യുവാവ് സോപ്പുവെള്ളം നിറഞ്ഞ വലിയ ടാങ്കിനുള്ളിൽ ഇറങ്ങിനിന്ന് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ കഴുകുന്നതാണ് വിഡിയോയിലുള്ളത്. കൈകാലുകൾ ഉപയോഗിച്ചാണ് ഇയാൾ ഇത് ചെയ്യുന്നത്. കെട്ടിടത്തിന്റെ ചുവരുകൾ പായൽ പിടിച്ച നിലയിലാണ്. തൊഴിലാളിയുടെ വിയർപ്പ് നിറഞ്ഞ ശരീരം ഭക്ഷണസാധനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
തൊഴിലാളിയുടെ ശരീരത്തിലെ വിയർപ്പും ബാക്ടീരിയകളും ഭക്ഷണത്തിലേക്ക് നേരിട്ട് പടരുന്നു എന്നതാണ് പ്രധാന പ്രശ്നം. ഉരുളക്കിഴങ്ങ് കഴുകാൻ സോപ്പുവെള്ളം ഉപയോഗിക്കുന്നതിലും പലരും സുരക്ഷാ ആശങ്ക ഉന്നയിച്ചു. ഇത്തരം നിർമ്മാണ യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് വിഡിയോ ഒന്നുകൂടി ഉറപ്പിക്കുകയാണ്. വിഡിയോ കണ്ടിട്ട് അറപ്പ് വരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അധികൃതർ ഈ യൂണിറ്റ് കണ്ടെത്തണമെന്നും ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പലരും കമന്‍റ് ചെയ്തു.