ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി രാഹുല്‍ മീണ കുറ്റബോധമില്ലാതെ കോടതിയില്‍. തെല്ലും ഭീതിയോ ആശങ്കയോ പാപബോധമോ ആ മുഖത്ത് കാണാനില്ലെന്ന് കോടതി പറയുന്നു. തെറ്റ് ചെയ്തു എന്ന് മാത്രമായിരുന്നു കോടതിയില്‍ ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്.
അതിനിടെ ഇയാള്‍ ആദ്യം ബലാത്സംഗം ചെയ്ത യുവതിയുടെ ഭര്‍ത്താവുമായി ഉണ്ടായിരുന്നത് ചെറിയ പരിചയം മാത്രമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച്ച യുവതിയുടെ ഭര്‍ത്താവിനൊപ്പം ഒരു വിവാഹച്ചടങ്ങിനു പോയെന്നും രാത്രിയായതോടെ പ്രതി ആരോടും പറയാതെ തിരിച്ചുപോന്നെന്നും പൊലീസ് പറയുന്നു. നേരെ വന്നത് യുവതിയുടെ വീട്ടിലേക്കായിരുന്നു. മര്‍ദിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനേയും മക്കളേയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനു പിന്നാലെയാണ് രാഹുല്‍ മീണ മുന്‍പ് ജോലി ചെയ്തിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയത്. ദമ്പതികള്‍ ജിമ്മില്‍ പോകുന്ന സമയം കൃത്യമായി അറിയാവുന്ന മീണ 22കാരിയുെട മുറിയിലെത്തി മര്‍ദിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്ന പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യ മനസാക്ഷിക്ക് സഹിക്കാനാവാത്ത വിധത്തിലുള്ള ക്രൂരതകളാണ് വെറും 19വയസ് മാത്രമുണ്ടായിരുന്ന ഇയാള്‍ ചെയ്തത്. തലയിലുള്‍പ്പെടെ ഭാരമുള്ള വസ്തുകൊണ്ട് മര്‍ദിച്ച് ചോരയൊലിക്കുന്ന അവസ്ഥയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അപ്പോഴേക്കും അവള്‍ അബോധാവസ്ഥയിലായി. 30 മിനിറ്റ് നേരമാണ് പ്രതി ആ വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസിന് ബോധ്യമായി.
അതിക്രൂരമായ രീതിയിലാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഡല്‍ഹി എയിംസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സുധിര്‍ ഗുപ്ത അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഇരു കൈകളിലും കാലുകളിലും ആഴത്തിലും അല്ലാതെയും പോറലുകളും മുറിവുകളും ഉണ്ട്. മൂക്കിന്റെ അസ്ഥിക്ക് ഒടിവ് സംഭവിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടാവുന്ന വിധത്തിലുള്ള പരുക്കുകള്‍ ദേഹമാസകലം കണ്ടതായും ഡോ ഗുപ്ത പറയുന്നു.
കഴുത്ത് കീറി പരിശോധിച്ചപ്പോൾ പേശികളെല്ലാം തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം രക്തം കട്ടപിടിച്ച് വീർത്ത അവസ്ഥയിലായിരുന്നുവെന്നും ഇത് ശ്വാസം മുട്ടിച്ചുള്ള കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കല്‍പ്പിക്കാന്‍ പറ്റാത്ത വിധം വൈകൃത സ്വഭാവത്തിനു ഉടമയാണ് രാഹുല്‍ മീണയെന്ന് ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒപ്പം അല്‍വാറില്‍ നിന്നും ഡല്‍ഹി വരേയുള്ള രാഹുല്‍ മീണയുടെ ക്രൈം യാത്രയും പുനരാവിഷ്ക്കരിക്കാനാണ് പൊലീസിന്റെ തീരുമാനം.