തെക്ക്-കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ലൈംഗിക പീഡനത്തിന് ഇരയായതായും സംശയമുണ്ട്. സംഭവത്തിൽ വീട്ടിലെ മുൻ സഹായിയായിരുന്ന രാജസ്ഥാൻ സ്വദേശിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജിമ്മിൽ പോയ സമയത്തായിരുന്നു സംഭവം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിലെ ജോലിയിൽനിന്ന് ഇയാളെ പുറത്താക്കിയിരുന്നു. ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എൻജിനീയറിങ് ബിരുദധാരിയായ പെൺകുട്ടി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.