Image: X
ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തിയത് നാലു തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ അല്‍വാര്‍ സ്വദേശിയും മുന്‍പ് ഈ വീട്ടിലെ സഹായിയുമായിരുന്ന 23കാരനായ രാഹുല്‍ മീണയാണ് കേസിലെ പ്രതി. കഴിഞ്ഞ ദിവസമാണ് സൗത്ത് ഈസ്റ്റ് ഡൽഹിയിലെ അമർ കോളനിയിൽ 22കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത്. . എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി യുപിഎസ്‌സി പരീക്ഷക്കായുളള തയാറെടുപ്പിലായിരുന്നു. വീടിന്റെ ഘടനയെക്കുറിച്ച് പ്രതിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായും ആക്‌സസ് കോഡുകളും, സ്പെയർ കീ സൂക്ഷിക്കുന്ന സ്ഥലവും അറിയാമായിരുന്നതുമാണ് ഇയാള്‍ക്ക് എളുപ്പത്തില്‍ വീടിനകത്ത് കയറാന്‍ സാധിച്ചത്.
വീടിന്റെ ഓരോ നിലയിലും ലോക്കുകളും ലിഫ്റ്റിലുള്‍പ്പടെ കടുത്ത സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നു. ഏകദേശം എട്ട് മാസത്തോളം ഈ വീട്ടില്‍ സഹായിയായി ജോലി ചെയ്തിരുന്നയാളാണ് പ്രതി. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ആറ് ആഴ്ച മുൻപാണ് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്
പ്രതി രാഹുല്‍ മീണ വീടിനകത്ത് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതുമുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. രാവിലെ 6:28-ന് വീട്ടിൽ പ്രവേശിച്ച പ്രതി, വസ്ത്രം മാറി 7:22-ഓടെ പുറത്തുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. കൊലപാതകത്തിന് ശേഷം ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും പൊലീസ് പിടികൂടിയതും.
ഡൽഹിയിലേക്ക് വരും മുന്‍പ് ഇയാള്‍ അൽവാറിലും സമാനമായ കുറ്റകൃത്യം ചെയ്തതായി പോലീസ് സംശയിക്കുന്നുണ്ട്. ബലാത്സംഗം നടത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.