റീല്‍ ചിത്രീകരണത്തിനിടെ അമിതവേഗത്തിലോടിച്ച ബൈക്ക് അപകടത്തില്‍ പെട്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കയ്യില്‍ തോക്ക് ചൂണ്ടിയായിരുന്നു റീല്‍ ചിത്രീകരണം. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലുള്ള ബെലാ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
ഉപലക്ഷ് കോൾ (17), അമ്രീഷ് കോൾ (22), ഹേമരാജ് കോൾ (17) എന്നിവരാണ് മരിച്ചത്. വിഡിയോ ചിത്രീകരിക്കാൻ മറ്റൊരു ബൈക്കിൽ ഇവരെ പിന്തുടർന്ന രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോക്ക് ആകാശത്തേക്ക് ചൂണ്ടി ഹെൽമറ്റ് ഇല്ലാതെ അമിതവേഗതയിലാണ് ബൈക്ക് ഓടിച്ചത്. മുന്നിലുള്ള ലോറി ഓവര്‍ടേക്ക് ചെയ്തു മുന്നോട്ട് പോവുകയായിരുന്നു, ഇതിന്‍റെ തൊട്ടുമുന്നിലുള്ള ഇഷ്ടിക കൊണ്ടുപോവുകയായിരുന്ന ലോറിയിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു ബൈക്ക്. തല്‍ക്ഷണം തന്നെ മൂവരും മരിച്ചു.
പരുക്കേറ്റ സുഹൃത്തുക്കളായ പ്രശാന്ത് ദ്വിവേദിയെയും സഹോദരൻ പ്രദീപ് ദ്വിവേദിയെയും ആദ്യം ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.