മുഖ്യമന്ത്രി േരവന്ത് റെഡ്ഡിക്ക് അനുവദിച്ച സൗജന്യ ടിക്കറ്റുകൾ നടിയുടെ കയ്യിലെത്തിയതില്‍ വിവാദം. നടിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ ഷിത കല്ലാപുവാണ് മുഖ്യമന്ത്രിയുടെ രണ്ട് കോംപ്ലിമെന്‍ററി ടിക്കറ്റുകളുടെ ചിത്രം പോസ്റ്റ് ചെയ്തത്.  ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്‍റെ ടിക്കറ്റുകളാണ് നടിയുടെ കയ്യിലെത്തിയത്. 

ടിക്കറ്റിന്‍റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. 40,000 രൂപ വിലയുള്ള സൺ‌റൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ രണ്ട് ടിക്കറ്റുകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതെന്നും എന്താണ് ഇതിന് പിന്നിലെ ഉദ്യേശമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. ഇവര്‍ ടിക്കറ്റ് ഉപയോഗിച്ച് കളി കാണാന്‍ പോയോ എന്നതില്‍ വ്യക്തതയില്ല. 

നടിയും മോഡലുമായ ഇവര്‍ ചംഗുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു - നമ്പർ 1 ബുൾഷിറ്റ് ഗൈ, മനോഹരം എന്നി തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ട ഷിത കല്ലാപുവിന് ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണ്‍ ഫോളോവേഴ്സുണ്ട്. 

അതേസമയം, സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 10 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്  തോല്‍പ്പിച്ചത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 184 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍‌റിച് ക്ലാസന്റെയും അര്‍ധസെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു.

ENGLISH SUMMARY:

CM Revanth Reddy free tickets controversy has erupted after actress and Instagram influencer Shita Kallapu posted pictures of two complimentary tickets allocated to the Chief Minister. The controversy centers around the distribution of high-value tickets for the Sunrisers Hyderabad vs. Chennai Super Kings match held at Uppal Stadium.