nasik-tcs

ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്ന ടിസിഎസ് നാസിക് ബ്രാഞ്ചിലെ എച്ച്.ആര്‍ ഹെഡ് ജീവനക്കാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. വനിതാ ജീവനക്കാരി ലൈംഗികാതിക്രമ പരാതിയുമായി വന്നപ്പോള്‍ എച്ച്.ആര്‍ വിഭാഗം ചുമതലയുണ്ടായിരുന്ന അശ്വനി ചൈനാനി പ്രതിയുടെ പക്ഷം ചേര്‍ന്ന് ഭീഷണിപ്പെടുത്തി എന്നാണ് നാസിക് കമ്മീഷണര്‍ സന്ദീപ് കാര്‍ത്തിക് ശര്‍മ  പറഞ്ഞത്. 

കേസില്‍ പ്രതിയായ മറ്റൊരു വനിത ജീവനക്കാരി നിദ ഖാന്‍ നിലവില്‍ ഒളിവിലാണ്. മതപരമായ പീഡനത്തിനാണ് നിദ ഖാനെതിരെ കേസെടുത്തിട്ടുള്ളത്. കേസിലെ സൂത്രധാരയാണ് നിദ ഖാന്‍ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം  കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിദ ഖാന്‍ നാസികിലെ സെഷന്‍സ് കോടതിയെ സമര്‍പ്പിച്ചു. 25 കാരിയായ നിദ ഖാന്‍ 2021 ലാണ് കമ്പനിയില്‍ ജോലിക്കെത്തുന്നത്. 

ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നിവ ഉള്‍പ്പെടുന്ന ഒന്‍പത് പരാതികളാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഏഴു പേരെയാണ് ഇതുവരെ അറസറ്റ് ചെയ്തത്. അശ്വനി ചൈനാനിയും ഡാനിഷ് ഷെയ്ഖ്, തൗസിഫ് അക്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നി ആറു പുരുഷന്മാരുമാണ് അറസ്റ്റിലായത്. 

കേസില്‍ അറസ്റ്റിലായ പുരുഷന്മാര്‍ ഓഫീസില്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് കമ്പനിയിലെ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ തൗസിഫ് അക്തര്‍ ഭാര്യയെ കൈമാറാന്‍ അടക്കം ആവശ്യപ്പെട്ടിരുന്നതായും മതപരമായി പീഡിപ്പിച്ചിരുന്നതായും ടീമിലെ സഹജീവനക്കാരന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. 

2022 ല്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ശേഷം തൗസിഫും ഡാനിഷ് ഷെയ്കും പീഡിപ്പിക്കുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പറഞ്ഞു. ജോലി സമ്മര്‍ദ്ദത്തില്‍ തുടങ്ങി ഇത് മതപരമായ പീഡനമായി മാറി. ‌തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലെന്ന് അറിയുന്ന പ്രതികള്‍ കുട്ടിയെ വേണമെങ്കില്‍ ഭാര്യയെ തങ്ങള്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു. 

ENGLISH SUMMARY:

TCS Nashik HR head Ashwani Chainani is accused of trying to dissuade employees from filing complaints related to sexual harassment and forced religious conversion. The Nashik Commissioner stated that Chainani sided with the accused and threatened a female employee who reported sexual assault.