ലോക്സഭയിൽ തർക്കങ്ങൾക്കും വാക്പോരിനുമിടെ വനിതാ സംവരണ ഭേദഗതി ബിൽ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി നൽകണമോ എന്ന കാര്യത്തിൽ നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചും 187 പേർ എതിർത്തും വോട്ട് ചെയ്തു. ഇതോടെ ഭൂരിപക്ഷത്തോടെ ബിൽ സഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് അനുമതി ലഭിച്ചു.
ബില്ലിനെതിരെ കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സഭയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയത്തിലൂടെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. എന്നാൽ ബില്ലിലെ വിമർശനങ്ങൾ ചർച്ചാ വേളയിൽ ഉന്നയിക്കാമെന്നും ഇപ്പോൾ അവതരണാനുമതിയാണ് തേടുന്നതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഗുരുതരമായി ബാധിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെതിരെ 'ഇന്ത്യ' മുന്നണി ശക്തമായ രംഗത്ത്. വനിതാ സംവരണത്തിന്റെ മറവിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ വെട്ടിമുറിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുതിയ ബിൽ പ്രകാരം പാർലമെന്റിലെ സീറ്റുകൾ നഷ്ടമാകുമെന്നും, ഇത് ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേധാവിത്വം നൽകുമെന്നും കെ.സി. വേണുഗോപാലും എം.കെ. സ്റ്റാലിനും ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം, നിലവിലുള്ള 543 സീറ്റുകളിൽ തന്നെ അടിയന്തരമായി 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സഭയിൽ ബില്ലിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും ബിജെപിയുടെ ഈ 'രഹസ്യ അജണ്ട' രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ തകർക്കുമെന്നും മുന്നണി മുന്നറിയിപ്പ് നൽകി.