വനിതാ സംവരണ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണ ബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബി.െജ.പി വിപ്പും നല്‍കി .16 മുതല്‍ 18 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്നാണ് വിപ്പ്

 

സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലെ കാലതാമസം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗുണനിലവാരത്തെ തന്നെ ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ എംപിമാരും ബില്ലുകളെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.  2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വരും വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പിലാക്കേണ്ടതു പ്രധാനമാണെന്നും മോദി പറഞ്ഞു.

 

ലോക്സഭയിലും നിയമസഭകളിലും 50% സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് വനിതകൾക്ക് 33% സംവരണം നൽകുന്നതാണ് വനിതാ സംവരണ ബില്‍. ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയിരുന്നത് 816 ആയി വർധിപ്പിക്കാനാണു നീക്കം. അധികമായുള്ള 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഭരണഘടനാ ഭേദഗതിക്കു പുറമേ മണ്ഡലപുനർനിർണയത്തിനുള്ള ബില്ലുകളും പരിഗണിക്കും.

 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡലപുനർനിർണയം. 2029 മുതൽ സീറ്റ് വർധനയും വനിതാസംവരണവും നടപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

 

സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സഹായിക്കുന്നതിനും നയനിര്‍ണയത്തില്‍ സ്ത്രീകളുടെ ശബ്ദം ശക്തമാക്കുന്നതിനും ബില്‍ ഉപകരിക്കും. 

ENGLISH SUMMARY:

The Women's Reservation Bill aims to increase women's political representation by reserving 33% of seats in the Lok Sabha and state legislatures. This legislative reform is seen as crucial for strengthening Indian democracy and ensuring women's voices are heard in policy-making.