അടുത്തിടെയാണ് ഇന്ത്യന്‍ റെയില്‍ ഐആര്‍സിടിസി ആപ്പില്‍ നിന്നും റെയില്‍ വണ്‍ ആപ്പിലേക്ക് ചുവടുമാറ്റം നടത്തിയത്. പതിയെ യുടിഎസ് ആപ്പും (UTS)‍ നിര്‍ത്തലാക്കി. റെയിൽ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്നതായിരുന്നു റെയില്‍ വണ്‍ ആപ്പിന്‍റെ ലക്ഷ്യം. എന്നാല്‍ ആപ്പിലെ ഒരു തകരാറാണ് നിലവില്‍ റെയില്‍വേയ്ക്ക് വലിയ തലവേദനയാകുന്നത്.

സാധാരണഗതിയില്‍ റെയില്‍വേ ലൈനിന്‍റെ നിശ്ചിത പരിധിക്ക് പുറത്തും റെയില്‍വേ സ്റ്റേഷൻ പരിസരത്തും മാത്രമേ റെയില്‍ വണ്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. അതായത് ട്രെയിനില്‍ കയറിയാല്‍ ടിക്കറ്റ് ബുക്കിങ് അനുവദിക്കില്ല. ജിയോ-ഫെൻസിങ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യയിലെ തകരാർ മൂലം യാത്രക്കാർക്ക് ഓടുന്ന ട്രെയിനുകളില്‍ നിന്നുപോലും റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബഗ് ദുരുപയോഗം ചെയ്ത് പലരും ലോക്കല്‍ കംപാര്‍‍ട്മെന്‍റുകളില്‍ ടിക്കറ്റില്ലാതെ കയറുകയും ടിടിഇയെ കണ്ടാല്‍ മാത്രം, പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ മാത്രം ടിക്കറ്റ് എടുക്കുകയും ചെയ്യുന്നു. ടിക്കറ്റ് ഇല്ലാത്ത യാത്ര വര്‍ധിപ്പിക്കുന്നു എന്ന് മാത്രമല്ല ഇത് കോച്ചുകളിലെ തിരക്കിനും കാരണമാകുന്നുണ്ട്.

മാർച്ച് ആദ്യം മുതൽ ഈ പ്രശ്നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെൻട്രൽ റെയിൽവേയിലാണ് (CR) ഈ പ്രശ്നം ഏറെയും റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തിരക്കും പതിവായുള്ള കാലതാമസവും കാരണം ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന മുംബൈയിലെ സബർബൻ റെയിൽ ശൃംഖലയെ ഇത് സാരമായി ബാധിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കല്യാണിലേക്ക് പോകുന്ന എസി ലോക്കലിൽ പതിവ് ടിക്കറ്റ് പരിശോധനയ്ക്കിടെ ഇത്തരത്തില്‍ യാത്രയ്ക്കിടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും എസി ലോക്കൽ ട്രെയിനുകളില്‍ നിന്നാണ് പിടിക്കപ്പെടുന്നതും.

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ് (CRIS) റെയില്‍ വണ്‍ വികസിപ്പിച്ചെടുത്തത്. റിസർവ്ഡ്, അൺറിസർവ്ഡ്, സീസൺ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം ഇതിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎൻആർ, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിൻ ട്രാക്കിങ്, പ്ലാറ്റ്ഫോം നമ്പര്‍, കോച്ച് പൊസിഷന്‍ എന്നിവങ്ങനെയുള്ള സേവനങ്ങളെല്ലാം റെയിൽ വൺ ആപ്പിൽ ലഭ്യമാണ്. ഇ–വാലറ്റ് സംവിധാനവും ഗസ്റ്റ് ലോഗിനുമുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളാണ് റെയില്‍ വണ്‍ വഴി ഇന്ത്യന്‍ റെയില്‍വേ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കിയത്. ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ആപ്പ് ലഭ്യവുമാണ്.

ENGLISH SUMMARY:

Indian Railways is facing a major hurdle with its newly launched integrated app, Rail One, as a technical glitch allows passengers to bypass geo-fencing rules. Ideally, the app prevents unreserved ticket bookings inside trains or near tracks to curb ticketless travel. However, reports suggest that a bug in the system now enables commuters to book tickets even after boarding. This flaw is being widely exploited, especially in Mumbai's AC locals, where passengers only book tickets if they spot a TTE. Developed by CRIS to replace IRCTC and UTS apps, Rail One aims to provide all services under one roof. While Central Railway (CR) struggles with increased congestion and loss of revenue, authorities are working to fix the geo-fencing error to restore the app's integrity.