എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഇന്ത്യ - ബംഗ്ലദേശ് അതിർത്തിയില്‍ നദികൾ വഴിയുള്ള നുഴഞ്ഞുകയറ്റവും കുറ്റകൃത്യങ്ങളും തടയാൻ പുതിയ നീക്കവുമായി ബിഎസ്എഫ്. അതിർത്തിയിലെ നദികളില്‍ പാമ്പുകളെയും മുതലകളെയും വിന്യസിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ബിഎസ്എഫ് ഫീൽഡ് യൂണിറ്റുകൾക്ക് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ബിഎസ്എഫ് ആസ്ഥാനത്ത് നിന്ന് എല്ലാ ഫീൽഡ് യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകി.
അതേസമയം, നിർദ്ദേശങ്ങളുടെ സാധ്യത പരിശോധിച്ചു വരികയാണെന്നും പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വന്യജീവികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പാരിസ്ഥിതികവും മാനുഷികവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമോ എന്നതാണ് പ്രധാന പ്രശ്നം. നദീതീരത്ത് താമസിക്കുന്ന തദ്ദേശവാസികളെ ഇത് എങ്ങിനെ ബാധിക്കും എന്നതും ചര്‍ച്ചയിലുണ്ട്.
ബംഗ്ലാദേശുമായുള്ള കിഴക്കൻ അതിർത്തിയുടെ ഭാഗങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളുമാണ്. ഇവിടെ ഇത്തരത്തിലുള്ള ജീവികളിലെ ഉപയോഗം അതിര്‍ത്തിയുടെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് വെള്ളപ്പൊക്ക സമയത്ത്, അപകടസാധ്യത സൃഷ്ടിച്ചേക്കാം. മാത്രമല്ല ഇവയെ എങ്ങിനെ എവിടെ നിന്ന് വാങ്ങും എത്തിക്കും തുടങ്ങി നിയപരമായ പല തടസ്സങ്ങളുമുണ്ട്.
ബംഗ്ലാദേശുമായി ആകെ 4,096.7 കിലോമീറ്റർ അതിര്‍ത്തിയാണ് ഇന്ത്യയ്ക്കുള്ളത്. കുന്നുകൾ, നദികൾ, താഴ്‌വരകൾ തുടങ്ങിയ ദുർഘടമായ ഭൂപ്രദേശങ്ങളാണിത്. ഇതില്‍ 3,326.14 കിലോമീറ്റർ വേലി കെട്ടാൻ സർക്കാർ അംഗീകാരം നൽകിയതായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ ഹോം അഫയേഴ്‌സിന്റെ റിപ്പോർട്ടിലുണ്ട്. ഈ ദൂരത്തിൽ, ഇതുവരെ 2,954.56 കിലോമീറ്റർ വേലികെട്ടിയിട്ടുണ്ട്. ഏകദേശം 371 കിലോമീറ്റർ ഇനിയും വേലി കെട്ടേണ്ടതുമുണ്ട്. ഫ്ലഡ്‌ലൈറ്റുകള്‍ അടക്കം നിര്‍മ്മിച്ചിട്ടുമുണ്ട്.