രാജ്യത്തെ പ്രധാന വിമാനക്കമ്പനികളില്‍ ഒന്നായ എയര്‍ ഇന്ത്യയുടെ സി.ഇ.ഒ കാംപ്‌ബെല്‍ വില്‍സണ്‍ രാജിവച്ചു. അതേസമയം, പുതിയ സി.ഇ.ഒയെ തിരഞ്ഞെടുക്കുന്നതുവരെ കാംപ്‌ബെല്‍ സ്ഥാനത്തു തുടരും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസപ്പെടുന്നതടക്കം കമ്പനി വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് രാജി. ഈ സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യക്ക് 20,000 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2022ല്‍ അഞ്ചുവര്‍ഷത്തേക്കാണ് സി.ഇ.ഒ ആയി കാംപ്‌ബെല്‍ ചുമതലയേറ്റത്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ശേഷിക്കെയാണ് രാജി. ഡയറക്ടര്‍ബോര്‍ഡ് രാജി അംഗീകരിച്ചു. പുതിയ സി.ഇ.ഒയെ തിരഞ്ഞെടുക്കാന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ അന്തിമ റിപ്പോര്‍ട്ടും പുറത്തുവരാനിരിക്കെയാണ് രാജി. ഇന്‍ഡിഗോ സി.ഇ.ഒയും കഴിഞ്ഞമാസം രാജിവച്ചിരുന്നു.
1953 ൽ ദേശസാൽക്കരണത്തിനുശേഷം 2022 വരെ പൊതുമേഖലാ സ്ഥാപനമായി തുടർന്ന എയര്‍ ഇന്ത്യ പിന്നീട് ടാറ്റാ ഗ്രൂപ്പിലേക്ക് തിരികെ എത്തുകയായികുന്നു. തൊട്ടുപിന്നാലെ, 2022 സെപ്റ്റംബറിൽ എയർ ഇന്ത്യയുടെ ചുമതല കാംപ്‌ബെല്‍ വില്‍സണിന്‍റെ കയ്യിലെത്തി. എയർ ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് 20 വർഷത്തിലേറെ സിംഗപ്പൂർ എയർലൈൻസിൽ ജോലി ചെയ്ത അദ്ദേഹം കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നു. സ്വകാര്യവൽക്കരണത്തിനു ശേഷം ആദ്യഘട്ടത്തിൽ എയർ ഇന്ത്യയെ സ്ഥിരതയിലെത്തിച്ചതിൽ അദ്ദേഹത്തിന് പ്രശംസ ലഭിച്ചിരുന്നു. വിസ്താരയെ എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിലും അദ്ദേഹം മേൽനോട്ടം വഹിച്ചു.
കരാർ കാലാവധി കഴിഞ്ഞതിന് ശേഷം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാംപ്‌ബെല്‍ സൂചിപ്പിച്ചതിനെത്തുടർന്ന് ഈ വർഷം ആദ്യം മുതല്‍ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമം എയര്‍ ഇന്ത്യ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. 2027 ജൂലൈ വരെയായിരുന്നു അദ്ദേഹത്തിന്‍റെ കരാര്‍ കാലാവധി. കാംപ്‌ബെല്‍ വിൽസണു മുന്‍പ് രാജീവ് ബൻസാലായിരുന്നു എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും. പൊതുമേഖലാ സ്ഥാപനമായിരുന്നു എയര്‍ ഇന്ത്യ ഈ സമയം.