mp-court

TOPICS COVERED

ഭര്‍ത്താവുമായുള്ള പ്രായവ്യത്യാസം ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും തന്‍റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമുള്ള 19കാരിയുടെ ആവശ്യം അംഗീകരിച്ച് കോടതി. യുവതിയ്ക്ക് ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചിലാണ് നാടകീയ സംഭവങ്ങള്‍.

യുവതിയു‌ടെ തീരുമാനമറിയാന്‍ കോടതിമുറിയില്‍ ഭര്‍ത്താവും മാതാപിതാക്കളുമെത്തി. എല്ലാവരും നോക്കിനില്‍ക്കേ യുവതി താന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി. ‘എനിക്ക് 19 വയസുണ്ട്, പ്രായപൂര്‍ത്തിയായിട്ടുണ്ട്, എനിക്ക് 40കാരനായ ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ ജീവിക്കണ്ട, എനിക്കെന്‍റെ പങ്കാളിക്കൊപ്പം പോവണം’– യുവതിയുടെ ആവശ്യം കോടതി കേട്ട്, അംഗീകരിച്ചു.

ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെത്തുടര്‍ന്നാണ് യുവതിയും പങ്കാളിയും കോടതിയില്‍ ഹാജരായത്. തന്‍റെ ഭാര്യയെ നിയമവിരുദ്ധമായി മറ്റൊരാള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. കേസ് അന്വേഷിച്ച പൊലീസ് യുവതിയെ കണ്ടെത്തി സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചു. പിന്നാലെ കോടതിയില്‍ ഹാജരായ യുവതി തന്‍റെ ആവശ്യങ്ങള്‍ കോടതിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. 21 വയസ് വ്യത്യാസമുള്ള ഭര്‍ത്താവുമായി ജീവിക്കാന്‍ സാധിക്കില്ലെന്നും ബാലന്‍സ് ചെയ്ത് പോവാന്‍ പറ്റില്ലെന്നും മോശമായ രീതയിലുള്ള പെരുമാറ്റങ്ങളുണ്ടാവുന്നുവെന്നും യുവതി പരാതി നല്‍കി.

തന്‍റെ ആണ്‍സുഹൃത്തിനൊപ്പം പോവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ പലതവണ കൗണ്‍സിലിങ്ങിന് വിധേയയാക്കിയെങ്കിലും തീരുമാനം മാറിയില്ല. ജസ്റ്റിസ് ആനന്ദ് പതകും ജസ്റ്റിസ് പുഷ്പേന്ദ്ര യാദവുമുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. തീര്‍ത്തും വ്യക്തിപരമായ പ്രശ്നമാണെന്നും ആരുടെ കൂടെ ജീവിക്കണം എന്നത് ഓരോ വ്യക്തികളുടേയും അവകാശവും സ്വാതന്ത്ര്യവുമാണെന്നും കോടതി നിരീക്ഷിച്ചു. യുവതിക്ക് തന്റെ പങ്കാളിയായ കാമുകനൊപ്പം പോവാമെന്നും കോടതി ഉത്തരവിട്ടു. മാത്രമല്ല ആറുമാസം കോടതി നിര്‍ദേശിച്ച ഉദ്യോഗസ്ഥയുടെ നിരീക്ഷണം കൂടി യുവതിയുടെ ജീവിതത്തിലുണ്ടാകും.

 

 

19-Year-Old Wins Court Battle for Freedom to Choose Partner:

A 19-year-old woman successfully argued in court for her right to live with her partner due to a significant age difference with her husband. The Madhya Pradesh High Court's Gwalior bench granted her permission to live with her boyfriend, emphasizing personal freedom and choice.