cannon-theft

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ ശിവ്‌പുരിയില്‍ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ സൂക്ഷിച്ചിരുന്ന സിന്ധ്യ ഭരണകാലത്തെ 3,000 കിലോഗ്രാം (3 ടൺ) തൂക്കമുള്ള പീരങ്കി കവര്‍ന്നു. ആയുധധാരികളായ സംഘമാണ് അതിസാഹസികമായി പീരങ്കി മോഷ്ടിച്ചത്. ജൂലൈ 15 ന് അർദ്ധരാത്രിയായിരുന്നു കവര്‍ച്ച. കോട്ടയുടെ കോടതി സമുച്ചയത്തിൽ സൂക്ഷിച്ചിരുന്ന 14 ചരിത്ര പീരങ്കികളിൽ ഒന്നാണ് കവർച്ച ചെയ്യപ്പെട്ടത്. പൈതൃക സ്മാരകങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളെ തന്നെ ആശങ്കയിലാഴ്ത്തുന്നതാണ് സംഭവം.

ഏകദേശം 25 മുതൽ 30 വരെ വരുന്ന സായുധ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭീമന്‍ പീരങ്കി കടത്തിക്കൊണ്ടുപോകാൻ പൂർണ്ണ സജ്ജീകരണങ്ങളോടെയാണ് സംഘം എത്തിയത്. ഭാരമേറിയ പീരങ്കി ഉയർത്താൻ ക്രെയിനും കടത്താനായി ട്രക്കും ഉപയോഗിച്ചതായാണ് സൂചന. കോട്ടയുടെ അധികമാരും ഉപയോഗിക്കാത്ത പിൻഭാഗത്തെ ദുർഘടമായ വഴിയിലൂടെയാണ് ഇവർ അകത്തുകയറിയതും പീരങ്കിയുമായി രക്ഷപ്പെട്ടതും. ആധുനിക ആയുധങ്ങളുമായാണ് അക്രമികൾ എത്തിയതെന്നും തങ്ങളുടെ കൈവശം വെറുമൊരു ലാത്തി മാത്രമാണുണ്ടായിരുന്നതെന്നും മോഷണം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. കോട്ടയിൽ ആവശ്യത്തിന് വെളിച്ചമോ ടോർച്ച് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ജീവനക്കാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം പീരങ്കി കടത്തിയതെന്നും ജീവനക്കാരൻ പറഞ്ഞു.

മോഷണം നടക്കുന്നതിന് 12 ദിവസം മുമ്പ് തന്നെ കോട്ടയ്ക്ക് ചുറ്റും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ പീരങ്കി അതിന്റെ തറയിൽ നിന്ന് താഴേക്ക് തള്ളിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് ഭാരം കാരണം ഇത് കടത്താൻ കഴിയാതെ മടങ്ങിയ സംഘം പിന്നീട് അതിനുള്ള സംവിധാനങ്ങളുമായി വന്ന് മോഷണം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. എന്നാൽ സംശയാസ്പദമായ പലതും ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതർ ചരിത്രസ്മാരകത്തിലെ സുരക്ഷ ശക്തമാക്കുകയോ സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

വെറുമൊരു പീരങ്കി എന്നതിലുപരി ഇന്ത്യയുടെ പൈതൃകത്തിന്റെ അമൂല്യമായ അടയാളമാണ് ഇതിനെ കണക്കാക്കുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പീരങ്കി അക്കാലത്തെ ലോഹസംസ്കരണ മികവിന്റെയും യുദ്ധ സാങ്കേതികവിദ്യയുടെയും ഉത്തമ ഉദാഹരണമാണ്. പ്രത്യേക ലോഹക്കൂട്ടുകൾ (അഷ്ടധാതു ഉൾപ്പെടെ) ഉപയോഗിച്ച് നിർമ്മിച്ച ഇതിലെ സങ്കീർണ്ണമായ കൊത്തുപണികളും ചരിത്രപരമായ അടയാളങ്ങളും ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. വിപണി മൂല്യം നിശ്ചയിക്കാനാവില്ലെങ്കിലും, രാജ്യാന്തര കള്ളക്കടത്ത് വിപണിയിൽ ഇത്തരം അപൂർവ്വ വസ്തുക്കൾക്ക് കോടികൾ വിലമതിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

സംഭവത്തെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നർവാർ കോട്ടയിൽ നിന്ന് രണ്ട് പതിറ്റാണ്ട് മുമ്പും (2007-ൽ) സമാന രീതിയിൽ ഒരു ചരിത്ര പീരങ്കി മോഷണം പോയിരുന്നു.

ENGLISH SUMMARY:

An armed gang of 25 to 30 individuals daringly stole a historic 3,000 kg (3-ton) cannon from the Scindia era at the famous Narwar Fort in Shivpuri, Madhya Pradesh, on the midnight of July 15. The thieves allegedly bypassed the fort's weak security by utilizing a crane and a truck via a remote rear pathway, while threatening the poorly equipped guards who had only lathis. Despite suspicious activities 12 days prior—including an aborted attempt that left the cannon dislodged from its base—authorities failed to upgrade security or install CCTV cameras. Dating back to the 16th century and crafted with rare metal alloys like Ashtadhatu, the priceless artifact's theft has sparked an international smuggling probe, echoing a similar heist at the fort in 2007.