bengaluru-death

ബെംഗളൂരുവിൽ യുവ ദമ്പതികള്‍ ജീവനൊടുക്കിയതിന് പിന്നില്‍ എഐ മൂലം ജോലി നഷ്ടമായതും പിന്നാലെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദവുമെന്ന് സൂചന. തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എന്‍ജിനീയറായ ബാനു ചന്ദ്ര റെഡ്ഡിയും ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന ഭാര്യ ബിബി ഷാസിയ സിറാജുമായിരുന്നു തിങ്കളാഴ്ച ജീവനൊടുക്കിയത്. സംഭവം നടന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരു വർഷത്തോളമായി ബാനു ചന്ദ്ര ബെംഗളൂരുവില്‍ ജോലി അന്വേഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എഐമൂലം കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടവരില്‍ ഒരാളാണ് ബാനു ചന്ദ്ര. ഇത് അദ്ദേഹത്തിന്‍റെ ആകെയുണ്ടായിരുന്ന വരുമാനം ഇല്ലാതാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും ബാനു ചന്ദ്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

ബിബി ഷാസിയയുമായുള്ള മിശ്രവിവാഹത്തിന്‍റെ പേരില്‍ കുടുംബം ബാനു ചന്ദ്രയില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. തെലങ്കാനയിൽ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുള്ള അദ്ദേഹത്തിന്റെ പിതാവ് ഈ ബന്ധത്തെ എതിർത്തിരുന്നു. കുടുംബത്തിൽ നിന്നും മാനസികമായും സാമ്പത്തികവുമായ പിന്തുണ കുറഞ്ഞതോടെ ദമ്പതികൾ ബെംഗളൂരുവിൽ ഒറ്റയ്ക്കാണ് എല്ലാ വെല്ലുവിളികളോടും പോരാ‍ടി ജിവിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഫ്ലാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബാനു ചന്ദ്രയെ കണ്ടെത്തുന്നത്. പലതവണ കതകില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാതായതോടെ ഷാസിയ അയല്‍വാസികളുടെയും സെക്യൂരിറ്റി ജീവനക്കാരന്‍റെയും സഹായത്തോടെ കതക് ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. പിന്നാലെ അല്‍പ സമയത്തിനുളളില്‍ തന്നെ ഫ്ലാറ്റിന്‍റെ 17ാം നിലയില്‍ നിന്ന് ചാടി ഷാസിയയും ജീവനൊടുക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഭാര്യയെ കുറ്റപ്പെടുത്തരുതെന്നും എല്ലാറ്റിന്‍റേയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും പൊലീസ് കണ്ടെടുത്ത  ബാനു ചന്ദ്രയുടെ കുറിപ്പില്‍‌ പറയുന്നുണ്ട്.

ENGLISH SUMMARY:

A software engineer couple from Telangana, Bhanu Chandra Reddy and Bibi Shazia Siraj, committed suicide in Bengaluru following job loss and financial distress. Reports indicate Bhanu Chandra lost his US job due to AI-driven layoffs and was struggling to find employment. The couple also faced isolation from their families due to their interfaith marriage. While Bhanu Chandra was found dead in his apartment, his wife Shazia jumped from the 17th floor of their building shortly after discovering his body.