ബംഗാളില്‍ എസ്ഐആര്‍ നടപടികള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം.  വോട്ടർ പട്ടികയില്‍നിന്ന് ഒഴിവാക്കി എന്നാരോപിച്ച് മൂന്ന് വനിത ജഡ്ഡിമാരടക്കം ഏഴ് ഉദ്യോഗസ്ഥരെ അര്‍ധരാത്രി മണിക്കൂറുകളോളം ബന്ദികളാക്കി.  അക്രമത്തില്‍ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി.  

 

ബംഗാളിലെ മാൾഡ ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജുഡീഷ്യല്‍ ഓഫിസര്‍മാരെ വലിയ ജനക്കൂട്ടം തടഞ്ഞത്.  SIR ലൂടെ തങ്ങളുടെ പേരുകൾ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.  ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല.  ഒടുവില്‍ മോചിതരായി മടങ്ങവെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആള്‍ക്കൂട്ടം ആക്രമിച്ചു.

 

ഞെട്ടിപ്പിക്കുന്ന സംഭവം സര്‍ക്കാരിന്‍റെ ഭരണപരാജയമെന്ന് വിമര്‍ശിച്ച സുപ്രീം കോടതി സംസ്ഥാന പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും കാരണംകാണിക്കലിന് ഉത്തരവിട്ടു. ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിക്കേണ്ടിവന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

 

കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതും ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും ലക്ഷ്യമിട്ടുമാണ് അക്രമമെന്ന് കോടതി നിരീക്ഷിച്ചു. നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല.  ഇതുപോലെ ധ്രുവീകരിക്കപ്പെട്ട മറ്റൊരു സംസ്ഥാനവുമില്ലെന്നും രാഷ്ടീയ നേതാക്കളെയടക്കം വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

 

കൂടുതല്‍  കേന്ദ്ര സേനയെ വിന്യസിക്കാനടക്കം നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.  ക്രമസമാധാനം തന്‍റെ കയ്യിലല്ലെന്നും

ജുഡീഷ്യല്‍ ഓഫീസര്‍മാരെ സംരക്ഷിക്കുന്നതില്‍ കേന്ദ്രമാണ് പരാജയപ്പെട്ടത് എന്നുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. 

ENGLISH SUMMARY:

Supreme Court Slams Bengal Government After Mob Attacks Judicial Officers in Malda