നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴ്നാടിന്‍റെ ദുരവസ്ഥയ്ക്ക് കാരണം ഡിഎംകെ ആണെന്നും നിസില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്ത് തനിക്കും ടിവികെയ്ക്കും ഒരു അവസരം നല്‍കണമെന്നും വിജയ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് സിനിമയും മറ്റ് സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് താന്‍ വന്നതെന്നും ഇത് തലമുറ മാറ്റത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണെന്നും പെരമ്പൂരിലെ തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയ് പറഞ്ഞു.
'തമിഴ്നാടിനെ രക്ഷിക്കണം. ആരാണ് ഈ അവസ്ഥയ്ക്ക് കാരണം? ഡിഎംകെ എന്ന ദുഷ്ടശക്തിയാണ് ഈ അവസ്ഥയ്ക്ക് കാരണം, സ്റ്റാലിന്‍ സാറാണ് കാരണം. ഇത് അടുത്ത തലമുറയ്ക്കായുള്ള തിരഞ്ഞെടുപ്പാണ്. നിങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഇവിടെ വന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങൾ നൽകിയ സ്നേഹമാണ്. സിനിമയിൽ എനിക്ക് ലഭിച്ച കോടികളുടെ വരുമാനവും പദവിയും സൗകര്യങ്ങളും എല്ലാം ഞാൻ ഉപേക്ഷിക്കുകയാണ്. എന്തിനുവേണ്ടിയാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ എന്നെ ഇത്രയും വലിയ ഒരാളാക്കി മാറ്റിയതിന് പകരമായി നിങ്ങളുടെ ഓരോരുത്തരുടെയും കടം വീട്ടാനാണ് ഞാൻ വരുന്നത്.
ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, വരാനിരിക്കുന്ന ഒരു തലമുറയുടെ മാറ്റത്തിനുള്ള തിരഞ്ഞെടുപ്പാണ്. ഞാൻ സത്യസന്ധമായി നിങ്ങളോട് ഒരു കാര്യം പറയാം, ഞാൻ ഒരിക്കലും നുണ പറഞ്ഞ് നിങ്ങളെ ചതിക്കില്ല. അധികാരം പിടിക്കാനോ പണം സമ്പാദിക്കാനോ അല്ല ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾ എന്നെ വിശ്വസിക്കൂ, നിങ്ങളുടെ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കും. ജനങ്ങള്‍ക്കെതിരായ സ്റ്റാലിന്‍ ഭരണം വേണോ അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയ് വേണോ? ഒരു അവസരം തരൂ, വിസില്‍ ചിഹ്നത്തിന് വോട്ട് ചെയ്യൂ.
ഡിഎംകെ ഭരണത്തില്‍ നിങ്ങള്‍ക്ക് സുരക്ഷയുണ്ടോ? കുട്ടികള്‍ക്ക് സുരക്ഷയുണ്ടോ? നിങ്ങള്‍ക്ക് സമാധാനമുണ്ടാകുമായിരുന്നോ? സുരക്ഷയോ തൊഴിലോ നല്‍കാത്ത ഈ ദുഷ്ടശക്തിയെ കൊണ്ട് എന്ത് ചെയ്യാനാവും? നമ്മൾ അത് വലിച്ചെറിയണോ? അവർക്ക് ധാരാളം പണമുണ്ടാകും, അത് എന്തുചെയ്യണമെന്ന് അവർക്കറിയില്ല, അതിനാൽ അവർ അത് നിങ്ങൾക്കെല്ലാവർക്കും നൽകും, എങ്ങനെയെങ്കിലും ജയിക്കണമെന്ന് സ്വപ്നം കാണുന്നു. അവരുടെ ചെവിയിൽ വിസിൽ മുഴക്കി അവരെ പറഞ്ഞയക്കുക,' വിജയ് പറഞ്ഞു.