കേരളത്തില്‍ വന്‍ വൈറലായ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സിഎം ട്രോള്‍ ഇപ്പോള്‍ തമിഴകത്തും ട്രെന്‍ഡിങ്ങാണ്. നിരവധി തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ ധ്യാന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തതോടെ സിഎം ട്രോള്‍ തമിഴ് നാട്ടിലും വൈറലായി. എക്സിലും ഇന്‍സ്റ്റഗ്രാമിലും ധ്യാനിന്റെ ട്രോളിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുടെ പെരുമഴയാണ്. ചിലപ്പോള്‍ കേരളത്തിലേക്കാള്‍ ഇത് തമിഴ്‌നാട്ടില്‍ വൈറലായെന്ന് വേണമെങ്കില്‍ പറയാം.
കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ ‘വിസിറ്റേഴ്‌സിന്റെ പ്രെമോഷന്‍ പരിപാടിയില്‍ ധ്യാന്‍ വൈറല്‍ പരാമര്‍ശം നടത്തിയത്. താന്‍ സിഎം ആകുമ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നവ്യ നായര്‍ വരണമെന്നും സദസില്‍ മുന്‍നിരയിലെ സീറ്റിലിരുന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് കണ്ണു നിറയണമെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ വന്നതുമായി ഇതിനെ ബന്ധപ്പെടുത്തിയാണ് പലരും ട്രോള്‍ വിഡിയോ ഷെയര്‍ ചെയ്തത്. ഇത് മലയാളത്തില്‍ വൈറലായി ദിവങ്ങള്‍ക്കം തമിഴ്നാട്ടുകാരും ഏറ്റെടുത്തിരിക്കുകയാണ്.
എന്നാല്‍ ഇതില്‍ കട്ടക്കലിപ്പിലായ വിജയ് ഫാന്‍സ് ധ്യാനിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഇവന് എന്ത് ധൈര്യമാണെന്നും തമിഴ് നാട് മുഖ്യമന്ത്രിയെ അപമാനിച്ചെന്നും കേരളം തമിഴ്നാടിനെ ട്രോളുന്നെന്നുമാണ് ഫാന്‍സിന്റെ കമന്റുകള്‍. ധ്യാനിനെ അസഭ്യം പറഞ്ഞുവരെ കമന്‍റുകളുണ്ട്. അതേസമയം ധ്യാനിന് അനുകൂലമായി എത്തുന്നവരുമുണ്ട്. ധ്യാന്‍ പറയുന്നത് സത്യമല്ലെ എന്നും നടക്കാത്തത് ഒന്നും ധ്യാന്‍ പറയുന്നില്ലല്ലോയെന്നും പറഞ്ഞ് തമിഴ്നാട്ടുകാര്‍ തമ്മിലും കമെന്റ് ബോക്സില്‍ ഉരസുന്നുണ്ട്.
ധ്യാന്‍ പാന്‍ ഇന്ത്യന്‍ വള്ളി പിടിച്ചെന്നും, അജുവിന്റെ നാക്ക് പൊന്നായെന്നും ഇനി ചെന്നൈയ്ക്ക് പോകാന്‍ പറ്റില്ലെന്നും ചെന്നൈയില്‍ ഉള്ള ചേട്ടന്‍ എന്ത് ചെയ്യുമെന്നൊക്കെ പറഞ്ഞ് മല്ലു കമെന്റ്സും തമിഴകത്ത് നിറയുന്നുണ്ട്. ട്രോള്‍ മനസിലാകാത്തെ ധ്യാനിനെ ചീത്ത വിളിക്കുന്നവരെ കാര്യം പറഞ്ഞു മനസിലാക്കുന്നവരുമുണ്ട്. ധ്യാന്‍ തമാശയായാണ് പറഞ്ഞതെന്നും വിജയ്‌യെ പരിഹസിച്ചതല്ലെന്നും ചില മലയാളികള്‍ വിശദീകരിച്ച് ധ്യാനിനായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്തായാലും ധ്യാനിന്റെ സിഎം ട്രോള്‍ തമിഴ്‌നാട്ടില്‍ കത്തിക്കയറുകയാണ്.