Untitled design - 1

റിസോർട്ടിലെ നീന്തൽക്കുളത്തിൽ 22 വയസ്സുള്ള യുവാവ് മുങ്ങിമരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ​മാർച്ച് 23 ന് ഗുജറാത്തിലെ സൂറത്തിലാണ് അപകടമുണ്ടായത്. മറ്റുള്ളവർ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ, 22കാരൻ ചൗധരി  വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ആ സമയം നീന്തൽക്കുളത്തിന് ഉള്ളിലും പുറത്തുമായി ഇരുപത്തഞ്ചിലധികം ആളുകൾ ഉണ്ടായിരുന്നിട്ടും ആരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. 

വെള്ളത്തിൽ വീണതോടെ വല്ലാതെ ബുദ്ധിമുട്ടുന്ന 22കാരനെയാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ ചുറ്റുമുണ്ടായിരുന്ന ആരും തന്നെ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആർക്കും ആ സാഹചര്യത്തിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായില്ലെന്നാണ് വിഡിയോയിൽ വ്യക്തമാകുന്നത്. സിസിടിവി ദൃശ്യത്തിൽ, മറ്റുള്ളവർ വെള്ളത്തിൽ നീന്തിക്കൊണ്ടിരിക്കുമ്പോൾ ചൗധരി പലതവണ കൈ ഉയർത്തി രക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. യുവാവ് ജീവൻ നിലനിർത്താൻ പാടുപെടുന്ന സമയത്ത് രണ്ട് മിനിറ്റോളം മറ്റുള്ളവർ വെള്ളത്തിൽ നീന്തിക്കുളിക്കുന്നതും കാണാം. ആരും ആ യുവാവിനെ ശ്രദ്ധിച്ചില്ലെന്ന് തോന്നിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

22കാരൻ അബോധാവസ്ഥയിലായപ്പോഴാണ്, ചുറ്റുമുണ്ടായിരുന്നവർ അവനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ഓൾപാഡ് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു, സമയബന്ധിതമായി സഹായം നൽകിയിരുന്നെങ്കിൽ ഈ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് വിഡിയോയിലെ കമന്റുകളിൽ ഭൂരിഭാ​ഗവും. തൊട്ടടുത്ത് ഉണ്ടായിരുന്ന ആളുകൾ എന്തുകൊണ്ടാണ് തൽക്ഷണം പ്രതികരിക്കാത്തതെന്നും പലരും കമന്റിൽ ചോദിക്കുന്നുണ്ട്. 

ENGLISH SUMMARY:

Resort pool drowning incidents, particularly the recent shocking CCTV footage from Surat where a 22-year-old youth drowned while others were present, highlight critical issues of bystander negligence and the urgent need for immediate response in emergency situations.