ബീച്ചില്‍ ഷൂട്ടിങിനിടെ പ്രശസ്ത ബംഗാളി നടന്‍ രാഹുൽ അരുണോദയ് ബാനർജി മുങ്ങി മരിച്ചു. ഇന്നലെ ഒഡീഷ- പശ്ചിമ ബംഗാൾ അതിർത്തിക്കടുത്തുള്ള തൽസാരി ബീച്ചിലായിരുന്നു അപകടം. ബംഗാളി ടെലിവിഷന്‍ സീരിയലായ ‘ഭോലെ ബാബ പർ കരേഗ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അപകടത്തിലേക്ക് നയിച്ച സഹാചര്യം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ചിത്രീകരണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് തൽസാരി മറൈൻ പൊലീസ് പറഞ്ഞു.
രാഹുലിന്‍റെ മരണത്തിന് പിന്നാലെ ബീച്ചിൽ ഷൂട്ടിങ് നടക്കുന്നതിനിടെ പകര്‍ത്തിയ അണിയറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ രാഹുൽ ബാനർജി ബീച്ചിൽ അണിയറപ്രവർത്തകരോടൊപ്പം നിൽക്കുന്നതായി കാണാം. സഹനടി ശ്വേത മിശ്രയും വിഡിയോയിലുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നതും അണിയറ പ്രവര്‍ത്തകര്‍ നിർദ്ദേശങ്ങൾ നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മുങ്ങിത്താഴ്ന്ന രാഹുലിനെ ഉടന്‍ രക്ഷിച്ച് തൽസാരി ബീച്ചിൽ നിന്ന് ഏകദേശം 10-12 കിലോമീറ്റർ അകലെയുള്ള ദിഘ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചികുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം 6:10 ഓടെയാണ് മരണം സംഭവിച്ചത്. മരണത്തില്‍ തൽസാരി മറൈൻ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗാളി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും പരിചിതനായ നടനാണ് രാഹുല്‍ ബാനര്‍ജി. 2008-ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘സുൽഫിക്കർ’ (2016), ‘ബയോംകേഷ് ഗോട്രോ’ (2018), ‘ബിദയ് ബയോംകേഷ്’ (2018), ‘ദി അക്കാദമി ഓഫ് ഫൈൻ ആർട്സ്’ (2025) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു. ‘തുമി അസ്ബെ ബോലെ’, ‘ലാൽകുത്തി’, ‘ദേശേർ മതി’ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെയും ശ്രദ്ധേയനായിരുന്നു രാഹുല്‍. ‘താക്കൂർമർ ജൂലി’ എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
നടി പ്രിയങ്ക സർക്കാർ ആണ് രാഹുലിന്റെ ഭാര്യ. സഹോജ് സഹോജ് ആണ് മകൻ. 2017ൽ ഇവർ വേർപിരിഞ്ഞെങ്കിലും 2023ൽ വീണ്ടും ഒന്നിച്ചു. രാഹുലിന്‍റെ മരണത്തിന് പിന്നാലെ തങ്ങള്‍ ഏറെ ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.