രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്നും അങ്ങനെയൊരു നിർദ്ദേശം നിലവിൽ സഭക്കാരന്‍റെ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് ഇന്ധനം, ഊർജ്ജം, മറ്റ് നിർണായക വസ്തുക്കൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും എക്സ് പോസ്റ്റിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.
'ഇന്ത്യയിൽ ലോക്ഡൗൺ നടപ്പിലാക്കുമെന്നുള്ള കിംവദന്തികൾ പൂർണ്ണമായും തെറ്റാണ്. അത്തരമൊരു നിർദ്ദേശം ഇന്ത്യാ ഗവൺമെന്‍റിന്‍റെ പരിഗണനയിലില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണ്. മറിച്ച്, കിംവദന്തികൾ പ്രചരിപ്പിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ നിരുത്തരവാദപരവും ദോഷകരവുമാണ്" അദ്ദേഹം കുറിച്ചു.
ആഗോളതലത്തിലെ ഇന്ധന- ഊർജ്ജ ക്ഷാമം മൂലം ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. രാജ്യത്ത് വീണ്ടും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം അടിസ്‌ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുദ്ദേശ്യവും ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അഭ്യൂഹം പ്രചരിച്ചത്. 'കോവിഡ് കാലത്ത് നാം ഐക്യത്തോടെനിന്ന് വെല്ലുവിളിയെ നേരിട്ടു. അതുപോലെ ഇത്തവണയും നാം തയ്യാറായിരിക്കണം' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇത് ലോക്ക്ഡൗൺ സൂചനയായി ദുർവ്യാഖ്യാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഒപ്പം 2020ലെ കോവിഡ് ലോക്ക്‌ഡൗണിന്‍റെ ആറാം വാർഷികവും അഭ്യൂഹങ്ങൾ വ്യാപിക്കാൻ കാരണമായി.