മഹാമാരികള്‍ തലച്ചോറിന്‍റെ പ്രായത്തെ സ്വാധീനിക്കുമോ? ബാധിക്കും എന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലത്തിനുശേഷം മനുഷ്യരുടെ തലച്ചോറിന്‍റെ പ്രായം അതിവേഗം കൂടുകയാണെന്ന് പുതിയ പഠനം. ഇതുവരെ കൊവിഡ് ബാധിക്കാത്തവരാണെങ്കില്‍ ആശ്വസിക്കാന്‍ വരട്ടെ. രോഗം ബാധിച്ചവര്‍ക്കും ബാധിക്കാത്തവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. കാരണം ഈ പ്രായക്കൂടുതലിന് കാരണം വൈറസ് മാത്രമല്ലത്രേ. ലോക്ഡൗണ്‍ കാലം സൃഷ്ടിച്ച മാനസിക സമ്മര്‍ദ്ദങ്ങള്‍, ഒറ്റപ്പെടൽ, നഷ്ടങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള മനുഷ്യരുടെ മസ്തിഷ്കാരോഗ്യത്തെ സാരമായി ബാധിച്ചെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മഹാമാരിക്കാലത്തിനുമുന്‍പുള്ള തലച്ചോറിനെ അപേക്ഷിച്ച് കൊവിഡ്–ലോക്ഡൗണിനുശേഷമുള്ള തലച്ചോര്‍ ഏകദേശം 5.5 മാസം വേഗത്തില്‍ പ്രായം കൂടുന്നുവെന്നാണ് പഠനം തെളിയിക്കുന്നു. അതായത് കൊവിഡ് -19 മഹാമാരി മസ്തിഷ്ക വാർദ്ധക്യം വേഗത്തിലാക്കിയതായാണ് കണ്ടെത്തല്‍. പുരുഷന്മാർ, പ്രായമായവർ, ആരോഗ്യപരമായി ദുര്‍ബലര്‍, വിദ്യാഭ്യാസപരമായും വരുമാനത്തിലും താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ എന്നിവരിലാണ് ആഘാതം കൂടുതലായി പ്രകടമാകുന്നത്. ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പ്രാധാന്യം ഈ പഠനം ഉയർത്തിക്കാട്ടുന്നതായി ഗുരുഗ്രാമിലെ പാരസ് ഹെൽത്ത് ന്യൂറോളജി ചെയർപേഴ്സൺ ഡോ എം വി പത്മ ശ്രീവാസ്തവ പറയുന്നു.
തലച്ചോറിന്‍റെ ആരോഗ്യം വീണ്ടെടുക്കാനാകുമോ?
മഹാമാരിക്കാലം മസ്തിഷ്ക വാർദ്ധക്യം ത്വരിതപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങൾ പഠനം നിരീക്ഷിച്ചെങ്കിലും, ദീർഘകാല മസ്തിഷ്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇത് സ്ഥിരീകരിക്കുന്നില്ല. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ വൈജ്ഞാനിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന് തലച്ചോറിന്‍റെ ആരോഗ്യം നിരീക്ഷിക്കേണ്ടതിന്‍റെയും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. ഈ മാറ്റങ്ങൾക്ക് പരിഹാരമുണ്ടോ എന്ന് പഠനം നേരിട്ട് പരിശോധിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയാണ്. സമ്മർദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം നേടുക, സാമൂഹികമായി ബന്ധം നിലനിർത്തുക, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, മനസ്സിനെ സജീവമായി നിലനിർത്തുക എന്നിവ ഉൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മസ്തിഷ്ക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. അതിനൊപ്പം ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. വായനയിലൂടെയും പുതിയ കഴിവുകൾ പഠിക്കുന്നതിലൂടെയും തലച്ചോറിനേകുന്ന വ്യായാമങ്ങളും അകാലവാര്‍ധക്യത്തില്‍നിന്ന് തലച്ചോറിനെ സംരക്ഷിച്ചുനിര്‍ത്തും.