mega-operation

TOPICS COVERED

രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച സമയപരിധി ഏതാനും ദിവസങ്ങള്‍ക്കകം അവസാനിക്കുകയാണ്. 2026 മാര്‍ച്ച് 31ന് മുന്‍പ് രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ, മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ സുരക്ഷാ സേന ‘മെഗാ ഓപ്പറേഷൻ’ ആരംഭിച്ചു. അവശേഷിക്കുന്ന സായുധ മാവോയിസ്റ്റുകളെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേനാംഗങ്ങൾ വൻ സന്നാഹത്തോടെ തിരച്ചില്‍ നടത്തുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ സുരക്ഷാ നടപടികൾക്കൊപ്പം വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപ്പിലാക്കുന്നത്. സായുധ പോരാട്ടത്തിനപ്പുറം ജനകീയ പങ്കാളിത്തത്തോടെ അക്രമം അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ച് ബറ്റാലിയന്‍ കേന്ദ്രസേനയെ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവരെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കുമെന്നാണ് വിവരം.

അവശേഷിക്കുന്ന മാവോയിസ്റ്റ് സ്വാധീന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷാ സേന വിപുലമായ പുനർവിന്യാസമാണ് തുടങ്ങിയിരിക്കുന്നത്. ഛത്തീസ്‍ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കൊടുംവനങ്ങളിൽ ഒളിച്ചിരിക്കുന്ന സായുധ കേഡർമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. സിആര്‍പിഎഫിന്‍റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ കോബ്രാ കമാന്‍ഡോകളെ ഛത്തീസ്‍ഗഡില്‍നിന്ന് ജാര്‍ഖണ്ഡിലേക്ക് മാറ്റി വിന്യസിച്ചു. മൂന്ന് മുതല്‍ നാല് വരെ കോബ്രാ യൂണിറ്റുകളെയാണ് ജാര്‍ഖണ്ഡിലേക്ക് മാറ്റിയത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിൽ പ്രത്യേക ദൗത്യത്തിനാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. 

രാജ്യത്ത് ഇന്നും മാവോയിസ്റ്റുകള്‍ക്ക് ഏറ്റവും സ്വാധീനമുള്ള ബസ്‍തര്‍ മേഖലയില്‍ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നീ സേനാ വിഭാഗങ്ങളിലെ ജവാന്‍മാരെയും പുനര്‍വിന്യസിച്ചു. സായുധ മാവോയിസ്റ്റുകളെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കൊണ്ടുവരുകയോ അല്ലെങ്കില്‍ അവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കും. അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ വിപുലമായ ‘ക്രോസ് ബോര്‍ഡര്‍’ ദൗത്യത്തിനാണ് നീക്കം. 100% മാവോയിസ്റ്റ് മുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി നിശ്ചയിച്ചിരിക്കുന്ന സമയപരിധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാവോയിസ്റ്റ് വിരുദ്ധ ദൗത്യം അതിന്‍റെ പാരമ്യത്തില്‍ തുടരുകയാണ്. സിപിഐ മാവോയിസ്റ്റിന്‍റെ രണ്ട് സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും ഡിവിഷനൽ റാങ്കിലുള്ള കമാൻഡർമാരെയും ഉൾപ്പെടെ ഏകദേശം 130 മുതൽ 150 വരെ സായുധ മാവോയിസ്റ്റുകളെയാണ് സേന ഇപ്പോൾ പിന്തുടരുന്നത്. 

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിരോധിത സംഘടനയുടെ ഉന്നത നേതാക്കളെ പിടികൂടാനോ കീഴടക്കാനോ ഉള്ള നീക്കങ്ങൾ കേന്ദ്രസേനകളും സംസ്ഥാന പൊലീസും ശക്തമാക്കി. ‘ഭാസ്‌കർ’ എന്നറിയപ്പെടുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ് മിസിർ ബെസ്‌റ ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് വിവരം. ‘ഭാസ്‍കറിനെയും കൂട്ടാളികളെയും പിടികൂടാന്‍ സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോകള്‍ വനമേഖലകളില്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചു. ഗണപതി അല്ലെങ്കിൽ ലക്ഷ്മണ റാവു എന്നറിയപ്പെടുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണ, കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന പൊലീസുമായി രാമണ്ണ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 

 

ഒഡീഷയിൽനിന്നും ഛത്തീസ്‌ഗഡില്‍നിന്നും കേന്ദ്രസേനയെ പിന്‍വലിക്കുന്നു 

മാവോയിസ്റ്റ് സ്വാധീനം കുറഞ്ഞ മേഖലകളിൽനിന്ന് കേന്ദ്ര സേനകളെ പിന്‍വലിക്കാനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്. ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നുമായി ബിഎസ്എഫിന്‍റെ മൂന്ന് ബറ്റാലിയനുകളെ ഉടന്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കുന്ന ബിഎസ്എഫ് സെക്ടർ ഓഫിസ് കോരാപുട്ടിൽനിന്ന് ഒഡീഷയിലെ തന്നെ കാണ്ഡമാല്‍ ജില്ലയിലേക്ക് മാറ്റും. പിൻവലിക്കുന്ന മൂന്ന് ബറ്റാലിയനുകളെ അതിർത്തി സംരക്ഷണത്തിനായോ അല്ലെങ്കിൽ നിലവിലെ സാഹചര്യം പരിഗണിച്ച് മണിപ്പൂരിലേക്കോ മാറ്റാനാണ് സാധ്യത. ഛത്തീസ്‌ഗഡില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കുന്നതില്‍ മാര്‍ച്ച് 31ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. സംസ്ഥാന പൊലീസും ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരും കേന്ദ്രസേനയില്‍നിന്ന് ചുമതല ഏല്‍ക്കും. ബസ്തര്‍ മേഖലയുടെ 96 ശതമാനവും മാവോയിസ്റ്റ് മുക്തമായെന്ന് ഛത്തീസ്‌ഗഡില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി വിജയ് ശര്‍മ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തി നിര്‍വീര്യമാക്കുന്ന നടപടികളും ഊര്‍ജിതമായി പുരോഗമിക്കുകയാണ്. എന്‍എസ്‌ജിയുടെ ബോംബ് നിര്‍വീര്യമാക്കല്‍ സ്ക്വാഡിന്‍റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. 

ആ ഏഴ് ജില്ലകള്‍ ... 

രാജ്യത്ത് മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ ബിജാപൂര്‍, നാരായണ്‍പൂര്‍, സുഖ്‌മ, കാംഗെര്‍, ദണ്ഡേവാഡ എന്നീ ജില്ലകളും ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ഒഡീഷയിലെ കാണ്ഡമാല്‍ എന്നിവിടങ്ങളുമാണ് ‘ ആ മാവോയിസ്റ്റ് ബാധിത ജില്ലകള്‍’. നേരിയ തോതിലെങ്കിലും മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ബംഗാള്‍ എന്നിവയായിരുന്നു. 2005 – 2006 ലെ കണക്ക് പ്രകാരം രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ 76 ജില്ലകള്‍ മാവോയിസ്റ്റ് ബാധിതമായിരുന്നു. മാവോയിസ്റ്റുകള്‍ രാജ്യത്തെ 17,000 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. സുരക്ഷാസേനാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെയാണ് ഇത്രയും പേര്‍. 

 

അവസാനിക്കുമോ മാവോയിസ്റ്റുകള്‍ ? മാവോയിസ്റ്റ് ആശയം ? 

ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ 1967ലാണ് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യ – നേപ്പാള്‍ – ബംഗ്ലദേശ് എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തിയുള്ള ഒരു ‘ട്രൈ ജംക്​ഷനാ’ണ് നക്‌സല്‍ബാരി. സാമൂഹിക അനീതിയിൽ വേരൂന്നിയ പോരാട്ടമായിരുന്നു തുടക്കത്തില്‍ നക്‌സലിസം. സാമൂഹികവും സാമ്പത്തികവുമായ അവഗണനയാണ് ആളുകളെ മാവോയിസ്റ്റ് ആശയങ്ങളോട് ചേര്‍ത്ത് നിര്‍ത്തിയത്. നേപ്പാളിലെ പശുപതി മുതൽ ആന്ധ്രാപ്രദേശിലെ തിരുപ്പതി വരെ നീളുന്ന ഒരു ചുവപ്പ് ഇടനാഴി നിര്‍മിക്കാനാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത നീക്കങ്ങളും വികസന പ്രവർത്തനങ്ങളും ശക്തമായതോടെ, ഒരുകാലത്ത് രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്ന മാവോയിസ്റ്റുകള്‍ ഇല്ലാതാവുകയാണ്. എന്നാല്‍ മാവോയിസ്റ്റ് ആശയം പേറിയവരെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമോ എന്ന ചോദ്യവും ബാക്കിയാണ്.

Maoist Crackdown Intensifies as Deadline Looms:

The anti-Maoist operation is nearing its peak as the deadline set by the Union Home Minister to eliminate Maoists from the country is approaching. Security forces have launched mega operations in Maoist-influenced areas with the aim of completely eradicating the remaining armed Maoists, alongside implementing development-focused projects