andhra-busfire

Image Credit : Twitter/X

അപകടത്തില്‍പ്പെട്ട് ബസ് കത്തുന്നതിനിടെ മകനെ രക്ഷിച്ച് അമ്മ മരണത്തിന് കീഴടങ്ങി. ആന്ധ്രാപ്രദേശിലെ മാർക്കപുരം ജില്ലയിലാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു. സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് ബസിനകത്തുളളവരുടെ മരണത്തിനിടയാക്കിയത്. 

വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് എതിരെ വന്ന ടിപ്പറുമായി കൂട്ടിയിടിച്ചത്. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. 45കാരിയായ ഉപ്പു രമാദേവിയും മകന്‍ മനോഹറും നാട്ടിലേക്ക് പോകാനായി ഇതേ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസിന്‍റെ കര്‍ട്ടനുകള്‍ കത്തിത്തുടങ്ങിയതോടെ രമാദേവി തന്‍റെ മകനെ ജനലിലൂടെ പുറത്തേക്ക് തളളിയിടുകയായിരുന്നു. അപകടത്തില്‍ നിന്ന് മകന്‍ മനോഹര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അമ്മ രമാദേവി വെന്തുമരിച്ചു.

ബസിനകത്ത് കുടുങ്ങിപ്പോയ 13പേരാണ് പൊളളലേറ്റ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

ENGLISH SUMMARY:

In a tragic Andhra Pradesh bus fire, a mother saved her son from the burning vehicle before succumbing to the flames herself. This heartbreaking incident highlights the dangers of road accidents and the profound sacrifices parents make for their children.