bengaluru-incident

Image Credit : Twitter/X

ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന് മര്‍ദ്ദനം. ബെം​ഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിലാണ് സംഭവം. സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് വിദ്യാര്‍ഥികളെല്ലാം ചേര്‍ന്ന് അധ്യാപകനെ പൊതിരെ തല്ലുകയായിരുന്നു. കൂടാതെ അധ്യാപകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ വിദ്യാര്‍ഥിനി ഇയാളെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. 

ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അധ്യാപകന്‍ തന്‍റെ ബാച്ചിനോട് തന്‍റെ ഉളളിലെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ പകര്‍ത്തുകയും ചെയ്തു. നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി , എനിക്ക് ഇക്കൂട്ടത്തില്‍ ഒരാളെ വലിയ ഇഷ്ടമാണ് എന്നുപറഞ്ഞുകൊണ്ട് പോഡിയത്തില്‍ നിന്ന് ഇറങ്ങിവന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന അധ്യാപകനെയാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. തൊട്ടുപിന്നാലെ 'ഐ ലൗവ് യൂ' എന്ന് കൂട്ടത്തിലൊരു വിദ്യാര്‍ഥിനിയോട് ഇയാള്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ഇക്കാര്യങ്ങള്‍ പോയി പ്രിന്‍സിപ്പലിനോട് പറയൂ എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മറുപടി. വിദ്യാര്‍ഥിനി തന്നെ സ്നേഹിക്കുന്നതായി പറഞ്ഞിരുന്നുവെന്നും അതിന് തന്റെ കൈവശം തെളിവുണ്ടെന്നുമായി അധ്യാപകന്‍. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായതോടെ, പിന്നെ സംസാരിക്കാം എന്നുപറഞ്ഞ് അധ്യാപകന്‍ ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വിഡിയോയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അധ്യാപകനെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കാണാം. കൂടാതെ പെണ്‍കുട്ടി ചെരൂപ്പൂരി അധ്യാപകന്‍റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മര്‍ദ്ദനമേറ്റ അധ്യാപകന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം അബ്ദുല്‍ എന്ന കുറ്റാരോപിതനായ ഈ അധ്യാപകനെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോളജ് അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:

A teacher was beaten by students for proposing to a female student in a classroom. This incident occurred at Sri Siddhartha Medical College in Bengaluru, with eyewitnesses reporting that other students joined in the assault.