ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം 7 മണിക്കൂര്‍ യാത്രക്കാരെയും കൊണ്ട് ആകാശത്ത് പറന്ന ശേഷം ഡല്‍ഹിയില്‍ തന്നെ തിരിച്ചിറങ്ങി. ഹീത്രൂവിലേക്ക് പോയ എയർ ഇന്ത്യയുടെ എ350 (A350) വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കിയത്. ഇതേ വിമാനം (VT-JRF) കഴിഞ്ഞ മാർച്ച് 15-നും സാങ്കേതിക തകരാർ നേരിട്ടിരുന്നു. അന്ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം അയർലൻഡിലെ ഷാനൻ നഗരത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
സാങ്കേതിക തകരാർ സംശയിച്ചതിനെ തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ വിമാാനം പുറപ്പെട്ട ഇടത്തേക്ക് തന്നെ മടങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചു. എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും വിശദമായ സാങ്കേതിക പരിശോധനകള്‍ നടത്താന്‍ സമയം ആവശ്യമാണെന്നും വക്താവ് പ്രസ്തമാവനയില്‍ പറഞ്ഞു. അതേസമയം വിമാനത്തിനുള്ളിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ലണ്ടനിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും എയർലൈൻ അറിയിച്ചു.
എന്നാല്‍ വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൗദി അറേബ്യൻ വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് വിമാനം തിരിച്ചുവിടാൻ തീരുമാനിച്ചത്. ആ സമയം വരെ ഏകദേശം നാല് മണിക്കൂറോളം വിമാനം ആകാശത്തായിരുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ Flightradar24.com നൽകുന്ന വിവരമനുസരിച്ച്, ഡൽഹിയിൽ തിരിച്ചിറങ്ങുന്നത് വരെ വിമാനം ആകെ ഏഴ് മണിക്കൂറോളം പറന്നിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 6 മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 12.30 ഓടെയാണ് തിരിച്ചിറങ്ങിയത്. 2024 ജനുവരി മുതലാണ് എയർ ഇന്ത്യ എ350-900 (A350-900) വിമാനങ്ങൾ സർവീസിനായി ഉപയോഗിച്ചു തുടങ്ങിയത്.