dramatic-image

രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റൺവേയിൽ മുഖാമുഖമെത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിലിഗുരിയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാൻഡിങ്ങിന് ശേഷം റൺവേയിൽ നിന്നും മാറിപ്പോകുന്നതിന് മുൻപ് തന്നെ അതേ റൺവേയിലൂടെ ഡൽഹിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം ടേക്ക് ഓഫിനായി എത്തുകയായിരുന്നു. 

റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ മുഖാമുഖം എത്തിയ നിർണ്ണായക നിമിഷമായിരുന്നു ഇത്. എന്നാൽ, എയർ ട്രാഫിക് കൺട്രോളിന്റെ പക്വതയോടെയുള്ള ഇടപെടലിലൂടെ എയര്‍ ഇന്ത്യ വിമാനത്താവള അധികൃതർ ടേക്ക് ഓഫ് പെട്ടെന്ന് തന്നെ നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു. 

പൈലറ്റ് സമയബന്ധിതമായി വിമാനം ബ്രേക്ക് ചെയ്ത് നിർത്തിയതുകൊണ്ട് മാത്രമാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും ഒരു വൻ വിമാനാപകടം ഒഴിവാക്കാനും സാധിച്ചത്. വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നുവെങ്കിൽ രാജ്യത്ത് ഉണ്ടാകുമായിരുന്ന ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനാൽത്തന്നെ, പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോളിന്റെയും അവസരോചിതമായ ഇടപെടലിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. 

അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും. യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

ENGLISH SUMMARY:

Air India runway collision averted at Mumbai airport where two Air India flights came face-to-face on the runway, narrowly avoiding a major disaster. Prompt intervention by air traffic control and a pilot's quick reaction saved hundreds of passengers.