Ai Generated Images
ഉത്തർപ്രദേശിലെ സുൽത്താൻപൂരില്‍ നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് ഭാര്യയെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42കാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് നക്‌ചെയ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോലിക്ക് പോയ നക്ചെയ്ദ് പകല്‍ മുഴുവന്‍ കുസുമത്തെ വിളിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ല. ഇതില്‍ പ്രകോപിതനായ നക്ചെയ്ദ് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ മക്കള്‍ക്ക് മുന്നിലിട്ട് കുസുമത്തെ പൊതിരെ തല്ലി. എട്ടു വയസുകാരിയായ ദീക്ഷയും ഒൻപത് വയസുകാരനായ ഉദയഭാനും പിതാവിനെ പലവട്ടം പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അവരെ തളളിമാറ്റി മര്‍ദനം തുടര്‍ന്നു. രാത്രി മുഴുവന്‍ ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. നക്ചെയ്ദ് മര്‍ദനം നിര്‍ത്താതായതോടെ മക്കള്‍ കുസുമത്തെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി. നേരം പുലര്‍ന്ന ശേഷമാണ് മൂവരും തിരികെ വീട്ടിലെത്തിയത്.
എന്നാല്‍ വീട്ടിലെത്തിയ കുസുമത്തെ വീണ്ടും നക്ചെയ്ദ് വടികൊണ്ട് മാരകമായി മര്‍ദിച്ചു. ഒടുവില്‍ കുഴഞ്ഞുവീണ കുസുമത്തെ അയല്‍വാസികളെല്ലാം ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണടഞ്ഞു. കുസുമത്തിന്‍റെ കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് നക്ചെയ്ദിനെ ഉടന്‍ അറസ്റ്റ് ചെയ്തു. കുസുമത്തെ മര്‍ദിച്ച കാര്യം സമ്മതിച്ച പ്രതി, മരിക്കുമെന്ന് താൻ കരുതിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. ഇവരുടെ മൂത്ത മകന്‍ 22കാരനായ തിലക് രാജ് പഞ്ചാബിൽ ജോലി ചെയ്യുകയാണ്.