എ.ഐ.സി.സിയുടെ ഡല്‍ഹി അക്ബര്‍ റോഡിലെ പഴയ അസ്ഥാന മന്ദിരം ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിസ്. ഈ മാസം 28 നകം മാറാനാണ് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാനും നോട്ടിസ് ലഭിച്ചു. കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനം.
1978 മുതല്‍ കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്തിരുന്ന വാടകക്കെട്ടിടം ഒഴിയാനാണ് എസ്റ്റേറ്റ് വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കോട്‌ല റോഡില്‍ അനുവദിച്ച സ്ഥലത്ത് പുതിയ ആസ്ഥാനമന്ദിരം 'ഇന്ദിരാ ഭവന്‍' പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണ് നീക്കം. ഈ മാസം 28 നകം
മാറിയില്ലെങ്കില്‍ നിര്‍ബന്ധിത ഒഴിപ്പിക്കലിലേക്ക് കടക്കുമെന്നും നോട്ടിസില്‍ പറയുന്നു. അതേസമയം പാര്‍ട്ടിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് അക്ബര്‍ റോഡിലെ ഓഫിസെന്നും ഇത് ഒഴിയാനാകില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
എസ്റ്റേറ്റ് വകുപ്പിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറിയെങ്കിലും പല നേതാക്കളുടെയും ഓഫിസുകള്‍ ഇപ്പോഴും അക്ബര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ണായക യോഗങ്ങളും ഇവിടെയാണ് ചേരാറുള്ളത്. വിപണിവാടക നല്‍കുന്നുണ്ട് എന്നും നേതാക്കള്‍ പറയുന്നു.
റെയ്സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫിസും 28 നകം ഒഴിയണം എന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ ഓഫിസ് ബലമായി ഒഴിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് എ.ഐ.സി.സി. ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം.