പാചക വാതക ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 ശതമാനം അധിക വാണിജ്യ എല്‍.പി.ജി. അനുവദിക്കും. ഇതോടെ മൊത്തം വിഹിതം 50% ആയി. സിലിണ്ടറുകള്‍ നല്‍കുമ്പോള്‍ ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, കന്റീനുകള്‍, സമൂഹ അടുക്കള, ധാബകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഡയറികൾ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം എന്നാണ് നിര്‍ദേശം. അതിഥി തൊഴിലാളികള്‍ക്കായി അഞ്ച് കിലോയുടെ സിലിണ്ടര്‍ ലഭ്യമാക്കും.

ആഴ്ചകളായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് ഇന്ത്യയിലെ അടുക്കളകളേയും ബാധിച്ചത്. രാജ്യത്തേക്കുള്ള ഇന്ധന വിതരണത്തില്‍ പ്രതിസന്ധിയുണ്ടായതോടെ വീടുകളിലേക്കുള്ള എല്‍പിജി വിതരണത്തിന് മുൻഗണന നൽകുന്നതിനായാണ് ഹോട്ടലുകൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള എൽപിജി വിതരണം കേന്ദ്രം വെട്ടിക്കുറച്ചത്.

അതേസമയം, ആഭ്യന്തര എൽപിജി വിതരണം സ്ഥിരമായി തുടരുകയാണെന്നും ക്ഷാമമില്ലെന്നും ഡെലിവറി പ്രവർത്തനങ്ങൾ സാധാരണപോലെ തുടരുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഉപഭോക്താക്കൾ പരിഭ്രാന്തരായി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന, പാനിക്ക് ബുക്കിങ് കുറഞ്ഞിട്ടുണ്ടെന്നും തിരക്ക് ഒഴിവാക്കാനും ഹോം ഡെലിവറിയെ ആശ്രയിക്കാനും പ്രസ്താവനയില്‍ നിര്‍ദേശമുണ്ട്.

പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും എതിരെ കർശന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനകം രാജ്യവ്യാപകമായി 3,500 ലധികം റെയ്ഡുകൾ നടത്തിയതായും ഏകദേശം 1,400 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. മിക്ക സംസ്ഥാനങ്ങളും പാചക വാതക വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി കൺട്രോൾ റൂമുകളും ജില്ലാതല നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

To resolve the LPG shortage caused by the Middle East conflict, the Indian government has increased the commercial LPG allocation to 50%. Prioritizing hotels, canteens, and migrant workers, the Ministry of Petroleum ensures stable domestic supply. Over 3,500 raids have been conducted nationwide to curb hoarding and black marketing. Consumers are advised to avoid panic booking and use home delivery services.