പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് രണ്ടു കപ്പലുകളെത്തി.  ഏകദേശം മൂന്നു മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് രണ്ടു കപ്പലുകളിലായി ഇന്ത്യയിലെ റിഫൈനറികളിലെത്തിച്ചത്. സൗദി അറേബ്യയില്‍ നിന്നും 10 ലക്ഷം ബാരല്‍ എണ്ണയുമായി ലൈബീരിയന്‍ പതാക വച്ച ഷെൻലോംഗ് എന്ന ടാങ്കര്‍ ബുധനാഴ്ചയാണ് മുംബൈയിലെത്തിയത്.  ഇതിനു പിന്നാലെ മറ്റൊരു ടാങ്കര്‍ കൂടി രാജ്യത്തെ തീരത്തേക്ക് എത്തി.

സൗദിയിലെ റാസ് തനുറ പോര്‍ട്ടില്‍ നിന്നുമാണ് ഷെൻലോംഗ് എന്ന സൂയസ്മാക്സ് മുംബൈയിലേക്ക് ക്രൂഡ് ഓയില്‍ എത്തിയത്. ഭാരത് പെട്രോളിയത്തിന്‍റെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെയും  റിഫൈനറികളിലേക്കാണ് ഈ ചരക്ക് എത്തിച്ചത്. ഇതിനുശേഷം ഇന്ത്യന്‍ പതാക വഹിക്കുന്ന മറ്റൊരു കപ്പല്‍ ഇറാഖില്‍ നിന്നും രാജ്യത്തെത്തിയിരുന്നു. 

രണ്ട് മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറാഖില്‍ നിന്നും മുംബൈയിലെത്തിച്ചത്. ഇവിടെ നിന്നും ഇന്ത്യന്‍ ഓയിലിന്‍റെ ഒഡീഷ പരദീപിലെ റിഫൈനറിയിലേക്ക് എത്തിച്ചു. സുരക്ഷാകാരണങ്ങളാല്‍ ഈ കപ്പലിന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 5-6 ദിവസങ്ങള്‍ക്കിടയിലാണ് ഇരു കപ്പലുകളും ഹോര്‍മുസ് കടന്നത്. ഹോര്‍മുസ് കടക്കുന്നതിന് മുന്‍പായി കപ്പലുകള്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരുന്നു. 'ഗോയിങ് ഡാർക്ക്' എന്നാണ് ഇതിനെ വിളിക്കുന്നത്. പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ സഞ്ചരിക്കാനവാണ് ഇത് ഉപയോഗിക്കുന്നത്. 

എല്‍പിജിയുമായി വരുന്ന ഇന്ത്യന്‍ കപ്പലുകളായ ശിവാലികും നന്ദ ദേവിയും ഹോര്‍മുസ് കടലിടുക്ക് കടന്നു. 92,700 മെട്രിക് ടണ്‍ എല്‍പിജിയാണ് ഇരു കപ്പലുകളിലുമായി രാജ്യത്ത് എത്തിക്കുന്നത്. ഇവ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളില്‍ മാര്‍ച്ച് 16, 17 തീയതികളിലെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

India received two ships carrying crude oil through the Hormuz Strait amidst the Middle East conflict. These vessels delivered approximately three million barrels of crude oil to Indian refineries, enhancing the nation's energy security. The successful arrival of these tankers highlights India's efforts to ensure a stable oil supply despite geopolitical challenges.