അമേരിക്കൻ വ്യോമസേനയുടെ KC-135 R സ്ട്രാറ്റോ ടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചത്? വിമാനം തകര്‍ന്നോ? അതോ തകര്‍ത്തോ? അടിയന്തരമായി മറ്റെവിടെയെങ്കിലും ഇറക്കിയതാണോ? യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ 'പറക്കുന്ന പെട്രോൾ പമ്പ്! അതാണ് KC-135R സ്ട്രാറ്റോടാങ്കർ. 60 വർഷത്തിലേറെയായി രംഗത്തുണ്ട്. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചുനല്‍കി അവയുടെ റേഞ്ച് കൂട്ടാന്‍ സഹായിക്കുന്ന തന്ത്രപ്രധാന ആസ്തി. പ്രധാന ഓപ്പറേഷനുകളില്‍ അമേരിക്കന്‍ വ്യേമസേനയുടെ പിന്‍ബലം. നാല് ടർബോഫാൻ എഞ്ചിനുകളില്‍ പ്രവർത്തിക്കുന്ന ഈ കരുത്തനെ അത്ര പെട്ടെന്നൊന്നും വീഴ്ത്താനാകില്ല. അപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ സംഭവിച്ചതെന്തായിരിക്കും?
ഖത്തറിലെ വ്യോമതാവളത്തിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം മിസ്സായത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ കാണിക്കുന്നത്. അപകടസൂചന നൽകുന്ന ‘7700’ എന്ന എമർജൻസി കോഡ് വിമാനത്തിൽ നിന്ന് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ കണക്ഷന്‍ നഷ്ടമായി. സംഭവസമയത്ത് മേഖലയിൽ ജിപിഎസ് ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങളിൽ വലിയ തോതില്‍ തടസ്സങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ബന്ധം നഷ്ടപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ സഞ്ചാരപാതയിൽ അസ്വാഭാവികമായ മാറ്റങ്ങൾ ദൃശ്യമായിരുന്നു. സംഘർഷസാധ്യത നിലനിൽക്കുന്ന മേഖലയിൽ സൈനിക-വാണിജ്യ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജാമിങ് നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇറാന്‍ സൈന്യം വെടിവച്ചിട്ടതാണെന്ന് അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇക്കാര്യം നിഷേധിക്കുന്നു. കാണാതായ വിമാനത്തിനായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ തിരച്ചിൽ തുടരുകയാണ്.
പ്രധാന ഓപ്പറേഷനുകളില്‍ അമേരിക്കന്‍ വ്യേമസേനയുടെ വജ്രായുധമായി കണക്കാക്കപ്പെടുന്ന വിമാനമാണ് KC-135R സ്ട്രാറ്റോടാങ്കർ. ഇറാനെതിരായ പോരാട്ടത്തില്‍ ഇതിന്റെ പങ്ക് വലുതാണ്. ഇവയുടെ സഹായമില്ലാതെ F-15, F-35 പോലുള്ള വിമാനങ്ങൾക്ക് ഇറാനിലേക്ക് ദീർഘദൂര ആക്രമണം നടത്താനാവില്ല. ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനുപുറമേ യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകാനും ഉപയോഗിക്കുന്നു. കൂടാതെ എയ്റോമെഡിക്കൽ ഇവാക്വേഷൻ ദൗത്യങ്ങൾക്കും ഇത് ഉപകരിക്കും. 37,600 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനത്തിന് എന്തുസംഭവിച്ചു? അറിഞ്ഞാലും അത് അമേരിക്ക പുറത്തുവിടുമോ? 60 വർഷം ആകാശം അടക്കിവാണ KC-135R ന്റെ നിഗൂഢമായ തിരോധാനം ബാക്കി വെക്കുന്നത് ആയിരം ചോദ്യങ്ങളാണ്. ഉത്തരം കിട്ടേണ്ടത് ഹോര്‍മുസിന്റെ അടിത്തട്ടില്‍ നിന്നും. കാത്തിരിക്കാം.