ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയെ പ്രതിസന്ധിയിലാക്കിയത്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തിനു നേരെ ഒന്നിലേറെ ആക്രമണങ്ങളുണ്ടായതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സുരക്ഷാഭീഷണി കണക്കിലെടുത്ത് ചില രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് യാത്രാമുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. സൗദിയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ചും നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇതോടെ ചോദ്യങ്ങളുയരുന്നു.

യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമായതോടെയാണ് സംഘർഷം ശക്തമായത്. സൗദി പിന്തുണയുള്ള സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ജൂലൈയിൽ തകർന്നതിനു പിന്നാലെ ഏറ്റുമുട്ടലുകൾ വർധിച്ചു. ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും വ്യോമാക്രമണങ്ങൾ നടത്തി. ഇതിന് തിരിച്ചടിയായി സൗദിയിലെ വിമാനത്താവളങ്ങൾ, എണ്ണനിലയങ്ങൾ, മറ്റ് നിർണായക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം ശക്തമാക്കിയത്. ശതകോടികൾ ചെലവിട്ട് ഒരുക്കിയ പ്രതിരോധ സംവിധാനങ്ങൾക്കു മുന്നിൽ പോലും ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും വെല്ലുവിളിയാകുന്നതോടെ സൗദിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രതിച്ഛായയ്ക്കും മങ്ങലേൽക്കുന്നു.

സൗദി vs ഹൂതികൾ: സൈനികശേഷി

ആധുനിക ആയുധശേഖരമുള്ള ലോകത്തെ പ്രമുഖ സൈനികശക്തികളിലൊന്നാണ് സൗദി അറേബ്യ. 2025ൽ രാജ്യത്തിന്റെ പ്രതിരോധച്ചെലവ് ഏകദേശം 83 ബില്യൺ ഡോളറായിരുന്നുവെന്നാണ് കണക്ക്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 6.5 ശതമാനത്തോളം വരുമിത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സൗദി അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നുണ്ട്. എഫ്-15 യുദ്ധവിമാനങ്ങൾ, യൂറോഫൈറ്റർ ടൈഫൂണുകൾ, പേട്രിയറ്റ്, താഡ് തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ സൗദിയുടെ ആയുധശേഖരത്തിലുണ്ട്. അടുത്തിടെ തുർക്കിയുമായും പാക്കിസ്ഥാനുമായും പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുള്ള നീക്കങ്ങളും രാജ്യം നടത്തിയിരുന്നു. എന്നാൽ, 2014ൽ യെമൻ തലസ്ഥാനമായ സനാ പിടിച്ചെടുത്തതുമുതൽ ഹൂതികൾ തങ്ങളുടെ സൈനികശേഷി വർധിപ്പിച്ചിട്ടുണ്ട്. യെമനിൽനിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ഇസ്രയേലിലേക്കുപോലും മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് അവർ അവകാശപ്പെടുന്നു. സൗദിയിലെ വിമാനത്താവളങ്ങളും എണ്ണനിലയങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഈ ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്മർദത്തിലാക്കാൻ വ്യത്യസ്ത വേഗതയിലും ദൂരപരിധിയിലുമുള്ള മിസൈലുകളും ഡ്രോണുകളും ഒരുമിച്ച് പ്രയോഗിക്കുന്ന തന്ത്രമാണ് ഹൂതികൾ സ്വീകരിക്കുന്നത്. ഹൈപ്പർസോണിക് ശേഷിയുണ്ടെന്ന് ഹൂതികൾ അവകാശപ്പെടുന്ന പലസ്തീൻ-2 മിസൈലും ഇറാന്‍റെ ഖദർ മിസൈലുമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെടുന്ന തൂഫാൻ മിസൈലും അവരുടെ ആയുധശേഖരത്തിലുണ്ട്. ബുർഖാൻ, ബദർ ശ്രേണികളിലുള്ള ഹ്രസ്വദൂര മിസൈലുകളും ഉപയോഗിക്കുന്നു. ഇവയിൽ പലതിന്‍റെയും സാങ്കേതികവിദ്യയ്ക്ക് ഇറാനുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൗദിയുടെ പ്രതിരോധസംവിധാനങ്ങൾ എങ്ങനെ മറികടക്കപ്പെടുന്നു?

സൈനികരംഗത്ത് ശതകോടികൾ ചെലവഴിച്ചിട്ടും ഹൂതികളുടെ ആക്രമണങ്ങൾ സൗദിയുടെ പ്രതിരോധസംവിധാനങ്ങളെ മറികടക്കുന്നതെങ്ങനെ? രാജ്യത്തിന്‍റെ വിശാലമായ ഭൂവിസ്തൃതിയാണ് ഇതിൽ പ്രധാന ഘടകങ്ങളിലൊന്ന്. ഏകദേശം 22 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൗദി അറേബ്യയിൽ എല്ലാ ആക്രമണങ്ങളെയും പൂർണമായി തടയുക വലിയ വെല്ലുവിളിയാണ്. വിമാനത്താവളങ്ങൾ, എണ്ണനിലയങ്ങൾ, സൈനികതാവളങ്ങൾ, നഗരങ്ങൾ, പുണ്യനഗരങ്ങൾ തുടങ്ങി ഒട്ടേറെ നിർണായക കേന്ദ്രങ്ങൾ ഒരേസമയം സംരക്ഷിക്കേണ്ട ബാധ്യതയും സൗദിക്കുണ്ട്. വിവിധ ദിശകളിൽനിന്ന് തുടർച്ചയായി മിസൈലുകളും ഡ്രോണുകളും എത്തുമ്പോൾ പ്രതിരോധസംവിധാനങ്ങളുടെ പ്രവർത്തനഭാരം വർധിക്കും. ആക്രമണങ്ങൾ തടയാൻ ഉപയോഗിക്കുന്ന പ്രതിരോധ മിസൈലുകളുടെ ശേഖരത്തിനും ഇതു സമ്മർദമുണ്ടാക്കാം. അതിനാൽ ആയുധങ്ങളുടെ എണ്ണം മാത്രമല്ല, ആക്രമണങ്ങളെ മുൻകൂട്ടി തിരിച്ചറിയാനും കൃത്യസമയത്ത് തടയാനുമുള്ള ശേഷിയും നിർണായകമാണ്.

എന്തുകൊണ്ട് ഹൂതികൾ ആക്രമണം ശക്തമാക്കുന്നു?

സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതാണ് ആക്രമണങ്ങൾ വർധിക്കാനുള്ള പ്രധാന പശ്ചാത്തലം. യെമനിലെ മുന്നേറ്റം നിലനിർത്തുന്നതിനൊപ്പം സൗദിക്കു മേൽ സമ്മർദം ചെലുത്താനും ഹൂതികൾ ശ്രമിക്കുന്നുണ്ട്. റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ ദീർഘദൂര ആക്രമണശേഷി ഇപ്പോഴും നിലനിൽക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നത്. അൻസാർ അള്ളാഹ് എന്ന പേരിലും അറിയപ്പെടുന്ന ഹൂതി പ്രസ്ഥാനത്തിന് യുദ്ധപരിചയമുള്ള പതിനായിരക്കണക്കിന് പോരാളികളുണ്ട്. വർഷങ്ങളായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അയൽരാജ്യങ്ങൾക്കു ഭീഷണിയുയർത്തുന്ന സംഘം, സൗദിയുടെ നിർണായക അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിടുന്നതിലൂടെ യുദ്ധത്തിന്റെ വില വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. യെമൻ സംഘർഷത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന സൗദിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ സുരക്ഷാവെല്ലുവിളിയാണ്.

സൗദിയുടെ ആശങ്ക

സൗദിയുടെ ‘വിഷൻ 2030’ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് റിയാദിനെ വിനോദസഞ്ചാരികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും അന്താരാഷ്ട്ര പരിപാടികളുടെയും പ്രധാന കേന്ദ്രമാക്കി മാറ്റുക എന്നതാണ്. അതിനാൽ രാജ്യാന്തര വിമാനത്താവളത്തിനു നേരെയുള്ള ആക്രമണങ്ങൾ സുരക്ഷാപ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക-വികസന ലക്ഷ്യങ്ങൾക്കും തിരിച്ചടിയാണ്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും നേരിടേണ്ടിവരുന്ന അനിശ്ചിതത്വവും രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാം. തുടർച്ചയായ ആക്രമണങ്ങൾക്കിടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളുടെ വിശ്വാസ്യതയും ചർച്ചയാകുന്നുണ്ട്. സൗദിയുടെ മുന്നിലുള്ള വെല്ലുവിളി ആക്രമണങ്ങളെ തടയുക മാത്രമല്ല, രാജ്യത്തെ സുരക്ഷിതമായമായി  നിലനിർത്തുക കൂടിയാണ്.

Saudi Arabia Faces Severe Security Challenges Amid Houthi Drone and Missile Attacks:

Saudi Arabia Houthi attacks have intensified significantly, raising serious concerns over the security of major airports and critical infrastructure in the region. The ongoing escalation between Saudi-backed forces and Iran-backed rebels continues to challenge advanced regional defense systems