abhishek-singhvi

TOPICS COVERED

രാജ്യസഭ സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തെലങ്കാനയിൽനിന്നാണ് സിങ്‌വി രാജ്യസഭയിലേക്ക് മല്‍സരിക്കുക. സത്യവാങ്മൂലം അനുസരിച്ച്, 2024–25 സാമ്പത്തിക വർഷത്തിൽ സിങ്‍വിക്ക് 374 കോടിയിലധികം വരുമാനമുണ്ട്. മുൻ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രഖ്യാപിത വരുമാനം 2023–24ൽ 333 കോടി രൂപയും 2022–23ൽ 359 കോടിയും 2021–22ൽ 290 കോടിയും 2020–21ൽ 158 കോടിയുമാണ്. സിങ്‍വിയുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സിങ്‍വിയും കുടുംബവും കൈവശം വച്ചിരിക്കുന്ന സ്ഥാവര, ജംഗമ ആസ്തികളുടെ വിശദാംശങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾ, വാഹനങ്ങൾ, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. സിങ്‍വിയുടെ കൈവശം 2.40 കോടി വിലമതിക്കുന്ന ആഭരണങ്ങളും ഭാര്യയുടെ കൈവശം 157.53 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമുണ്ട്. സിങ്‍വിയുടെ ഉടമസ്ഥതയിലുള്ള കലാസൃഷ്ടികളുടെയും പെയിന്റിങ്ങുകളുടെയും മൂല്യം 25 കോടിയിലധികമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിങ്‍വിക്കും ഭാര്യയ്ക്കും ഡല്‍ഹിയിലുള്ള വസതികള്‍, സാമ്പത്തിക നിക്ഷേപങ്ങളും സിങ്‍വി നൽകിയ 353.32 കോടി രൂപയുടെ വ്യക്തിഗത വായ്പകളും രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുപകരണങ്ങളുടെയും ഓഫിസ് ഉപകരണങ്ങളുടെയും വിശദമായ പട്ടികയും സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ ഒരു കംപ്യൂട്ടറിന്റെ മൂല്യം വെറും 163 രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സിങ്‍വിക്കെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നുമില്ലെന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരുമാനം കുറച്ചുകാണിച്ചതായി ആരോപിച്ച് 2014ൽ ആദായനികുതി വകുപ്പ് സമർപ്പിച്ച ഒരു പ്രോസിക്യൂഷൻ പരാതി നിലവിലുണ്ട്. ഈ കേസിലെ നടപടികൾ ഡൽഹിയിലെ ഒരു കോടതിയുടെ പരിഗണനയിലാണ്. തുടര്‍ നടപടികള്‍ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 63 കോടി രൂപയിൽ കൂടുതൽ ആദായനികുതി കുടിശികയുണ്ടെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Abhishek Manu Singhvi's assets have been revealed, detailing his significant financial standing as a Rajya Sabha candidate. His election affidavit provides a comprehensive overview of his income, wealth, and ongoing legal matters.