godman-malligarjuna

ഏഴുവയസുകാരിയെ എടുത്ത് ചുംബിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസ്. കർണാടകയിലെ യാദ്ഗിർ ജില്ലയിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ മല്ലികാർജുന മുത്തവക്കെതിരെയാണ് കേസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയ അപമര്യാദയായി ചുംബിക്കുന്ന വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ നിന്ന് മാതാപിതാക്കളോടൊപ്പം ആശ്രമം സന്ദർശിക്കാനെത്തിയതായിരുന്നു ഏഴ് വയസ്സുകാരി. ഇതിനിടയ്​ക്കാണ് പെണ്‍കുട്ടിയെ ഇയാള്‍ മടിയിലിരുത്തി ബലമായി ചുംബിച്ചത്. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഈ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കുട്ടി ഭയപ്പെടുന്നതും അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെടുകയായിരുന്നു. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പൊലീസിന് നിർദേശം നൽകി. 

'അയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണം തുടരും. മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പർശനത്തിൽ തെറ്റൊന്നും തോന്നിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. അവർ തന്നെയാണ് വിഡിയോ പകർത്തിയത്. എന്നിരുന്നാലും, ദൃശ്യങ്ങളിൽ കുട്ടി അസ്വസ്ഥയാവുന്നതായി കാണാം. കൗൺസിലിങ്ങിന് ശേഷം, ചൈൽഡ് വെൽഫെയർ കമ്മിറ്റി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തു,' യാദ്ഗിർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A self-proclaimed godman faces legal action after a video surfaced showing him inappropriately kissing a seven-year-old girl. The incident, which occurred in Karnataka, has sparked outrage and led to the registration of a case under the POCSO Act.