ashwini-vaishnaw

ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ ചൈനീസ് റോബോട്ടിനെ, ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിര്‍മിച്ചതെന്ന് പ്രസ്താവിക്കുന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്‍റെ എക്സ് പോസ്റ്റ് വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. പിഐബിയുടെ എക്സിലെ ഫാക്ട് ചെക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. അശ്വനി വൈഷ്ണവിന്‍റെ ട്വീറ്റെന്ന വ്യാജേനയാണ് ഒരു സ്ക്രീന്‍ ഷോര്‍ട്ട് 'ചൈന പള്‍സ്' എന്ന പേജ് പുറത്തുവിട്ടത്. 

ഗല്‍ഗോട്ടിയാസ് സര്‍വകലാശാല നിര്‍മിച്ച ഇന്ത്യന്‍ റോബോട്ട് എന്ന് ഇന്ത്യന്‍ കേന്ദ്രമന്ത്രി പ്രസ്താവിച്ചത് ചൈനീസ് റോബോട്ടിനെയാണ് എന്നാണ് സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ച് ഈ പേജ് കുറിച്ചത്. ഭാരതത്തിന്‍റെ മാതൃകകള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നുവെന്നും ഇത് നമ്മുടെ എഞ്ചിനീയര്‍മാരുടേയും ഗവേഷകരുടേയും നേട്ടം എന്നുമാണ് ഈ പേജ് പങ്കുവച്ച വ്യാജ സ്ക്രീന്‍ഷോട്ടില്‍ കേന്ദ്രമന്ത്രി പറഞ്ഞതായി കുറിച്ചത്.  എന്നാല്‍ അശ്വനി വൈഷ്ണവ് അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പിഐബി അറിയിച്ചു. ഈ വാദം വ്യാദമാണെന്നും ഗല്‍ഗോട്ടിയാസ് സര്‍വകലാശാല അവതരിപ്പിച്ചത് ഇന്ത്യന്‍ റോബോട്ടാണെന്ന് കേന്ദ്രമന്ത്രി എവിടെയും പറഞ്ഞിട്ടില്ലെന്നും പിഐബി പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. 

അതേസമയം ഗല്‍ഗോട്ടിയാസ് സര്‍വകലാശാല അവതരിപ്പച്ച റോബോട്ട് ഇന്നലെ വലിയ നാണക്കേടാണ് എഐ സമ്മിറ്റില്‍ ഇന്ത്യക്ക് വരുത്തിവച്ചത്. 'ഒറിയോണ്‍' എന്ന പേരിലാണ് ഗല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രൊഫസര്‍ റോബോട്ടിനെ അവതരിപ്പിച്ചത്. സർവകലാശാലയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സാണ് റോബോട്ടിനെ വികസിപ്പച്ചതെന്നാണ് ഇവര്‍ വാദിച്ചത്. 

ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ റോബോട്ട്, ചൈനീസ് കമ്പനിയായ 'യൂണിട്രീ റോബോട്ടിക്സ്' നിർമ്മിച്ച 'യൂണിട്രീ ഗോ2' മോഡലാണെന്ന് നെറ്റിസൺസ് കണ്ടെത്തി. പിന്നാലെ ഉച്ചകോടിയുടെ എക്‌സ്‌പോ ഏരിയ ഒഴിയാൻ ഗാൽഗോട്ടിയാസ് സർവകലാശാലയോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവന്നിരുന്നു. വിവാദം കടുത്തതോടെ എക്സിലൂടെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി വിശദീകരണവുമായി രംഗത്തെത്തി. ഈ റോബോട്ട് തങ്ങൾ നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർഥികൾക്ക് എഐ പ്രോഗ്രാമിങ്ങിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായാണ് റോബോട്ടിനെ വാങ്ങിയതെന്നും അവർ പറഞ്ഞു.

ENGLISH SUMMARY:

A recent AI Summit in Delhi saw a controversial incident where a robot presented as Indian-made was exposed as Chinese, leading to a PIB fact check refuting Union Minister Ashwini Vaishnaw's alleged tweet. Galgotiyas University, which showcased the robot named 'Orion', later clarified it was purchased for student training, not claimed as their own innovation.