ഇന്ത്യ AI ഇംപാക്റ്റ് സമ്മിറ്റിനിടെ തന്റെ കമ്പനിയുടെ എഐ വെയറബിള്‍ ഉപകരണങ്ങൾ മോഷണം പോയെന്ന ആരോപണവുമായി സംരംഭകന്‍. ബെംഗളൂരു ആസ്ഥാനമായുള്ള നിയോ സാപ്പിയന്‍ എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ധനഞ്ജയ് യാദവ് ആണ് തന്റെ കമ്പനിയുടെ ഐയർ (AI) വെയറബിൾ ഉപകരണങ്ങൾ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന മോഷണം പോയതായി വെളിപ്പെടുത്തിയത്.

സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും വികാരങ്ങൾ വിശകലനം ചെയ്യാനും ശേഷിയുള്ള, തന്റെ കമ്പനിയുടെ പേറ്റന്റ് ഉള്ള ഉപകരണങ്ങളാണ് എക്സിബിഷൻ ബൂത്തിൽ നിന്ന് മോഷണം പോയതെന്ന് ധനഞ്ജയ് പറഞ്ഞു. സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് എങ്ങനെയാണ് മോഷണം നടക്കുന്നത് എന്ന് ധനഞ്ജയ് ചോദിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനയ്ക്കായി ഹാൾ ഒഴിപ്പിച്ചപ്പോഴാണ് മോഷണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് 12 മണിക്ക് കയറിവന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ 2 മണിക്ക് പ്രധാനമന്ത്രി മോദി വരുമെന്ന് അറിയിച്ചു. അല്‍പസമയത്തിനകം മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വന്ന് അവിടെ നിന്നും പോകണമെന്ന് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ടായിരുന്നു. സാധനങ്ങൾ കൂടെ കൊണ്ടുപോകണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ, അവിടെ സുരക്ഷിതമായിരിക്കുമെന്നും സാധനങ്ങൾ അവിടെത്തന്നെ വക്കാമെന്നുമാണ് മറുപടി ലഭിച്ചത്. 

അവരെ വിശ്വസിച്ചാണ് താന്‍ പുറത്തേക്ക് പോയത്. ഭാഗ്യമുണ്ടെങ്കില്‍ തന്‍റെ ഉല്‍പ്പന്നങ്ങള്‍ മോദി ശ്രദ്ധിച്ചേക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ആറ് മണിക്കൂറിന് ശേഷമാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹം മടങ്ങിയ ശേഷം ബൂത്തിലേക്ക് എത്തിയ താന്‍ ഞെട്ടിപ്പോയി. തന്‍റെ എഐ വെയറബിള്‍സ് മോഷ്ടിക്കപ്പെട്ടിരിക്കുന്നു. ബൂത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സഹിതമാണ് വിവരം ധനഞ്ജയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാത്രക്കും താമസത്തിനും ബൂത്തിനും വരെയുള്ള ചിലവുകള്‍ വഹിച്ചാണ് എഐ സമ്മിറ്റിന് എത്തിയത്. എന്നാല്‍ ഉയര്‍ന്ന സുരക്ഷ മേഖലയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.  

പരാതി നൽകിയതിനെത്തുടർന്ന് ഡൽഹി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ചൊവ്വാഴ്ച രാത്രിയോടെ ഉപകരണങ്ങൾ കണ്ടെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർക്കും ഔദ്യോഗിക പ്രതിനിധികൾക്കും മാത്രം പ്രവേശനമുള്ള സ്ഥലത്ത് നിന്ന് സാധനങ്ങൾ കാണാതായത് തന്നെ 'ഞെട്ടിച്ചു' എന്ന് യാദവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എങ്കിലും ഉപകരണങ്ങൾ വേഗത്തിൽ കണ്ടെത്തിയതിന് അദ്ദേഹം ഡൽഹി പോലീസിന് നന്ദി അറിയിച്ചു.