ഇന്‍ഡോറില്‍ എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഫെബ്രുവരി 14നാണ് 24കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ക്ലാസ്മേറ്റിന്റെ വാടകവീട്ടിലെ മുറിയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് മൂന്ന് ദിവസമായി പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. പ്രതി പറഞ്ഞ കാര്യങ്ങള്‍ കേട്ട ഞെട്ടലിലാണ് പൊലീസ്.Also Read: എംബിഎ വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികദൃശ്യം കോളജ് ഗ്രൂപ്പില്‍ അയച്ചു; നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ
24കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മാവിനെ വിളിച്ചുവരുത്താനുള്ള ശ്രമത്തിലായിരുന്നു പ്രതി. എങ്ങനെ ആത്മാക്കളെ വരുത്താമെന്നതുള്‍പ്പെടെ പ്രതി യുട്യൂബില്‍ നിരവധി തവണ തിരഞ്ഞതായും പൊലീസ് പറയുന്നു. ഇരുട്ടിലിരുന്ന് മാപ്പിരന്നും ആത്മാവിനോട് സംസാരിക്കണമെന്ന് പറഞ്ഞും ഭ്രാന്തമായ അവസ്ഥയിലായിരുന്നു കൊലയ്ക്കു മണിക്കൂറുകള്‍ക്ക് പിന്നാലെയെന്നാണ് വിവരം.
പിയൂഷ് ദംനോതിയ എന്ന യുവാവാണ് ക്ലാസ് മേറ്റിനെ വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫെബ്രുവരി 10നാണ് യുവതിയുമായി പ്രതി ഈ വീട്ടിലെത്തിയത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം ഒറ്റയ്ക്കൊരു ബാഗുമായി നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. വീട്ടിലെത്തിയ പ്രതി ആദ്യം വിദ്യാര്‍ഥിനിയെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. തനിക്ക് ശാരീരിക സുഖമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. തുടര്‍ന്ന് ബലമായി ലൈംഗികബന്ധം നടത്തി, ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു.
തുടര്‍ന്ന് കൈകളും കാലുകളും കെട്ടിയിട്ട് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞു. യുവതി ബഹളം വച്ചതോടെ വായില്‍ തുണി തിരുകിക്കയറ്റിയ ശേഷം അവളുടെ നെഞ്ചത്ത് കയറിയിരുന്നു. ബോധം പോകുന്നതുവരെ അതേ അവസ്ഥയിലിരുന്നു. ശ്വാസം നിലച്ചുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവളുടെ നെഞ്ചിനു സമീപത്ത് കത്തി പൊട്ടിപ്പോകും വിധത്തില്‍ കുത്തിയിറക്കി. കൊലപാതകത്തോടെയും അയാളുടെ ക്രൂരത അവസാനിച്ചില്ലെന്ന് പൊലീസ് പറയുന്നു. പുറത്തുപോയി ബിയര്‍ വാങ്ങിവന്ന് മൃതദേഹത്തിനു സമീപത്തിരുന്ന് കുടിച്ചു. തുടര്‍ന്ന് ജീവനറ്റ് കിടന്ന ആ ശരീരവുമായി വീണ്ടും ലൈംഗിക ബന്ധം നടത്തി. തുടര്‍ന്ന് പ്രതി വസ്ത്രം മാറി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.
ആധാര്‍ കാര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്ന് പറഞ്ഞാണ് യുവതി ആ ദിവസം വീട്ടില്‍ നിന്നിറങ്ങിയത്. പിതാവ് കലക്ടറേറ്റിനു മുന്‍പില്‍ കൊണ്ടുവിട്ടു. പിന്നാലെ പിയൂഷിനൊപ്പം പിറന്നാള്‍ പാര്‍ട്ടിക്ക് പോവുകയാണ്, രാത്രി 11ഓടെ തിരിച്ചുവരുമെന്ന് സഹോദരിയെ വിളിച്ചിട്ട് പറഞ്ഞു. ‘അച്ഛനോട് പറയണം അവളിനി തിരിച്ചുവരില്ലെന്ന്’ എന്നൊരു സന്ദേശം രാത്രി 11ന് സഹോദരിയുടെ മൊബൈലിലേക്ക് വന്നു, യുവതിയുടെ മൊബൈലിലേക്ക് പല തവണ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിനിടയിലാണ് കോളജ് വാട്സാപ് ഗ്രൂപിലേക്ക് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ വന്നത്. യുവതിയുടെ മുഖം കൃത്യമായി കാണുന്ന വിധത്തിലും പ്രതിയുടെ മുഖം ഇമോജികള്‍ കൊണ്ടു നിറച്ചുമായിരുന്നു ദൃശ്യങ്ങളുണ്ടായിരുന്നത്. ഇതേ ദൃശ്യം പ്രതി അവളുടെ വാട്സാപ് സ്റ്റാറ്റസും ആക്കിയിരുന്നു.
തനിക്ക് യുവതിയെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ 15 ദിവസമായി അവള്‍ അകലം പാലിക്കുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. അവളുടെ മൊബൈലില്‍ ഒരു ഡേറ്റിങ് ആപ് കണ്ടെത്തിയെന്നും മറ്റൊരാളുമായി ബന്ധത്തിലായിരുന്നെന്നും പ്രതി സംശയിച്ചു. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മുംബൈയിലേക്കാണ് പോയത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ തല്ലിത്തകര്‍ത്ത് തെളിവുകള്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മുംബൈയിലെത്തിയ ശേഷം ഇയാള്‍ ദുര്‍മന്ത്രവാദം നടത്തിയെന്നും യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താനായി ശ്രമിച്ചെന്നും മൊഴിയുണ്ട്. ഇയാളെ മുംബൈയില്‍വച്ചാണ് പൊലീസ് പിടികൂടിയത്. ഡിജിറ്റല്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ദുര്‍മന്ത്രവാദത്തിനായി ഉപയോഗിച്ച സാധനങ്ങളും, സാഹചര്യത്തെളിവുകളുമെല്ലാം ചേര്‍ത്ത് പ്രതിയെ പുറത്തിറങ്ങാത്ത വിധം പൂട്ടാനാണ് മുംബൈ പൊലീസിന്റെ ശ്രമം.