കേടായ വാഹനം നന്നാക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉപജീവനമാർഗമായിരുന്ന ഇ-റിക്ഷ നടുറോഡിലിട്ട് കത്തിച്ച് യുവതി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളോളം ഏജൻസിയിൽ കയറിയിറങ്ങിയിട്ടും തകരാറിലായ വാഹനം നന്നാക്കി നൽകാൻ അധികൃതർ വിസമ്മതിച്ചതോടെയാണ് ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാർ എന്ന യുവതി 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വന്തം വാഹനം പെട്രോളൊഴിച്ച് കത്തിച്ചത്.
വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇ-റിക്ഷയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച ശേഷം യുവതി തീ കൊളുത്തുകയായിരുന്നു. തിരക്കേറിയ മാർക്കറ്റിൽ വാഹനത്തിൽ തീ ആളിപ്പടർന്നത് പരിഭ്രാന്തി പടര്‍ത്തിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇ-റിക്ഷ കത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ, ഏതാണ്ട് ആറ് മാസം മുമ്പാണ് ഗുഡിയയും ഭർത്താവ് നാരായണനും ചേർന്ന് 2.5 ലക്ഷം രൂപ ലോണെടുത്ത് ഇ-റിക്ഷ വാങ്ങിയത്. കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ വരുമാനം മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന് ജീവിക്കാന്‍ തികയാതെ വന്നതോടെയാണ് ദമ്പതികൾ ഇ–റിക്ഷ വാങ്ങിയത്. എന്നാല്‍ വാഹനം വാങ്ങി രണ്ട് മാസം തികയും മുമ്പേ വണ്ടി പണിമുടക്കി.
കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി തരാന്‍ വേണ്ടി ഷോറൂമിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വാഹനം വീട്ടിൽ ഉപയോഗശൂന്യമായി കിടന്നതോടെ, വായ്പാ തിരിച്ചടവ് മുടങ്ങാതെയിരിക്കാൻ വീണ്ടും കൂലിപ്പണിക്ക് തന്നെ പോകേണ്ടി വന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഏജൻസി തീർത്തുപറഞ്ഞതോടെ കൈയ്യിലുണ്ടായിരുന്ന അവസാന സമ്പാദ്യവും നടുറോഡിലിട്ട് കത്തിക്കാൻ ഇവർ തീരുമാനിച്ചത്.
അതേസമയം, യുവതി പറഞ്ഞ ആരോപണങ്ങള്‍ ഷോറൂം നിഷേധിച്ചു. ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അല്ലാതെ റിക്ഷയ്ക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും ഷോറൂം ഇൻചാർജ് ശുഭം ശർമ്മ പറഞ്ഞു. പൊട്ടിത്തെറിച്ച ബാറ്ററികൾ മാറ്റി നൽകാൻ കമ്പനിക്ക് വ്യവസ്ഥയില്ലെന്നും പുതിയ ബാറ്ററി സ്വന്തം ചെലവിൽ വാങ്ങാൻ യുവതിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി തീ അണച്ചു. ഗുഡിയയുടെയും ഷോറൂം അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ താൻ ഇതുവരെ അടച്ച തുക മുഴുവനായി തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഗുഡിയയുടെ ആവശ്യം.