kuki-protest-in-manipur

ഒരിടവേളയ്ക്കുശേഷം മണിപ്പുരില്‍ സ്ഥിതി സ്ഫോടനാത്മകം. ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കുക്കി മേഖലകളില്‍ വന്‍ സംഘര്‍ഷം. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന മൂന്ന് എം.എല്‍.എമാരെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് കുക്കി സായുധസംഘങ്ങള്‍. നിലവിലെ ഉപമുഖ്യമന്ത്രിയെ വകവരുത്തിയാല്‍ 20 ലക്ഷം പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. ആവശ്യമായ ആയുധങ്ങളും സഹായങ്ങളും നല്‍കാമെന്നും കുക്കി സായുധസംഘം വാര്‍ത്താക്കുറിപ്പ് ഇറക്കി. 

 

ഇന്നലെ രാത്രിയില്‍ ചുരാചന്ദ്പൂരിലടക്കം വന്‍ സംഘര്‍ഷമുണ്ടായിരുന്നു. കുക്കി സ്വാധീന മേഖലയായ ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാർ പൊലീസിനുനേരെ വ്യാപകമായി കല്ലെറിഞ്ഞു. സംഘർഷം നിയന്ത്രിക്കാനാവാതെ ചിലയിടങ്ങളിൽ നിന്ന് പൊലീസ് പിന്തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. കുക്കി മേഖലകളില്‍ അടച്ചിടലും പ്രഖ്യാപിച്ചിരിക്കുകയാണ്. കുക്കി എം.എല്‍.എമാര്‍ ജനകീയ സര്‍ക്കാരില്‍നിന്ന് രാജിവയ്ക്കണമെന്നും പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്ന നിലപാടിലാണ് കുക്കികളിലെ വലിയൊരു വിഭാഗം.

 

ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് കഴിഞ്ഞ ദിവസമാണ് മണിപ്പുര്‍ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗക്കാരനും ബി.ജെ.പി നേതാവുമായ യുമാന്‍ ഖേംചന്ദ് അധികാരമേറ്റത്. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കുക്കി എം.എൽ.എമാർ സര്‍ക്കാറില്‍ ചേർന്നതിനെതിരെ വലിയ പ്രതിഷേധമാണ് കുക്കി സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നെംച കിപ്‌ജെൻ അടക്കമുള്ള എം.എൽ.എമാരെ കുക്കി സംഘടനകൾ ഊരുവിലക്കി.

 

 പ്രത്യേക സ്വയംഭരണ പ്രദേശം എന്ന ആവശ്യം അംഗീകരിക്കാതെ സർക്കാരുമായി സഹകരിക്കുന്നത് വഞ്ചനയാണെന്നാണ് കുക്കി ഇൻപി മണിപ്പൂർ, കുക്കി-സോ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നിലപാട്. കുക്കി മേഖലകളിൽ ഈ എം.എൽ.എമാരെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. 

ENGLISH SUMMARY:

Manipur unrest has escalated following the formation of a popular government, with significant clashes erupting in Kuki-dominated areas. Kuki armed groups have announced rewards for those who kill ministers joining the new cabinet, including the Deputy Chief Minister.