Image: മാര്‍ക്കോ റൂബിയോ, അജിത് ഡോവല്‍, മനോരമ

Image: മാര്‍ക്കോ റൂബിയോ, അജിത് ഡോവല്‍, മനോരമ

ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ചത് കടുത്ത നിലപാടെന്ന് റിപ്പോര്‍ട്ട്. കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയം തങ്ങളുടേതെന്ന തരത്തിലാണ് അമേരിക്ക അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലാവധി തീരുംവരെ തങ്ങള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

ട്രംപ്ഭരണകൂടം കനത്ത പകരംതീരുവ ചുമത്തിയ രാജ്യമായിരുന്നു ഇന്ത്യ. വ്യാപാര, പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ പതിറ്റാണ്ടുകളായി സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും അടുത്ത ചങ്ങാതി ആയിട്ടും ട്രംപ് ഇന്ത്യയെയാണ് താരിഫ് യുദ്ധത്തിൽ ഏറ്റവുമധികം അലോസരപ്പെടുത്തിയത്. താരിഫ് യുദ്ധത്തിൽ മറ്റ് പല രാജ്യനേതാക്കളും വാഷിങ്ടണിലെത്തുകയും ട്രംപിനെ കാണുകയും ചെയ്തെങ്കിലും, അവരെല്ലാം അമേരിക്കയ്ക്ക് ഗുണംചെയ്യുന്ന വ്യാപാരക്കരാറുകൾക്കാണ് വഴങ്ങിയത്. എന്നാല്‍ ഇന്ത്യ നിലപാടില്‍ അണുവിട വിട്ടുകൊടുക്കാതെയാണ് കരാറിലെത്തിച്ചേര്‍ന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

 

 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ട്രംപിന്റെയോ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടേയോ ഒരു സമ്മര്‍ദത്തിനും ഇന്ത്യ വഴങ്ങില്ലെന്ന് വ്യക്തമായി അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യക്കെതിരായ പൊതുവിമര്‍ശനങ്ങള്‍ കുറച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നും ഡോവല്‍ റൂബിയോയെ അറിയിച്ചു. പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ ഇന്ത്യക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡോവല്‍ നിലപാട് വ്യക്തമാക്കിയത്.

 

ട്രംപ് ഭരണകൂടത്തിന്റെ കാലാവധി തീരുംവരെ വേണമെങ്കിലും കാത്തിരിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാണെന്നും ഡോവല്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ത്യയുമായി വ്യാപാരക്കരാര്‍ പ്രഖ്യാപിച്ചതും 50 ശതമാനമായിരുന്ന തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചതും. ഇന്ത്യയുടെ ഭാവി ശക്തമാക്കുന്ന കരാറാണിതെന്നായിരുന്നു ഡോവല്‍ പ്രതികരിച്ചത്. 

 

ഇതോടെ ഇന്ത്യയു‌ടെ കാര്‍ഷിക,ഡയറി മേഖലകള്‍ സംരക്ഷിക്കപ്പെടുമെന്നും ഉടൻതന്നെ കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുമെന്നും ഡോവല്‍ അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിലൂടെ വ്യാപാരബന്ധം ശക്തിപ്പെടുമെന്നും 2030 ഓടെ വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ ഡോളറിലെത്തിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷ.

ENGLISH SUMMARY:

India US trade deal negotiations saw India take a firm stance, reportedly willing to wait until the end of President Donald Trump's term. This strong negotiation tactic protected India's agricultural and dairy sectors, with expectations to double trade to $500 billion by 2030.