കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ.റോയ് ജീവനൊടുക്കിയത് ഓസ്ട്രേലിയന്‍ നിര്‍മിത പിസ്റ്റല്‍ ഉപയോഗിച്ച്. റോയിയുടെ ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. റോയ് സ്ഥിരമായി സൂക്ഷിക്കുന്ന സ്യൂട്ട്കേസിലാണ് തോക്ക് ഉണ്ടായിരുന്നത്. വെടിയേറ്റ് ഹൃദയവും വയറും തകര്‍ന്നു എന്നാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ട്. 

 

ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെ ചില ഫയലുകള്‍ സ്വകാര്യ കാബിനിലാണെന്നും അതെടുത്ത് വരാമെന്നും പറഞ്ഞാണ് റോയി അകത്തേക്ക് കയറിയത്. മിനുട്ടുകള്‍ക്കകം വെടിയൊച്ച കേട്ടു. മൂന്നു മണിക്കും 3.10 നും ഇടയിലായിരുന്നു സംഭവം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

 

റോയ് എപ്പോഴും ബ്രീഫ്കേസ് തന്റെ അടുത്ത് സൂക്ഷിക്കാറുണ്ടായിരുന്നുവെന്നും അതിലാണ് പിസ്റ്റൾ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്‍റെ സഹായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്യൂട്ട്കേസ് എടുക്കാന്‍ മറക്കുകയാണെങ്കില്‍ ഉടൻ തന്നെ കൊണ്ടുവരാൻ അദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ടെന്നും സഹായി പറഞ്ഞു. കയ്യില്‍ കൊണ്ടു നടക്കുന്ന തോക്ക് ഉപയോഗിച്ചാണ് മരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങും സ്ഥിരീകരിച്ചു. 

 

അതേസമയം, നെഞ്ചിൽ വെടിയേറ്റാണ് റോയ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. 6.35 മില്ലീമീറ്റര്‍ വലിപ്പമുള്ള  ഉണ്ട റോയിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് തുളച്ചുകയറി. ഹൃദയവും വയറും തകര്‍ന്നു. വെടിയുണ്ട ശരീരത്തിന് പുറത്തുപോയിട്ടില്ലെന്നും വാരിയെല്ലിന് സമീപം തങ്ങിനിൽക്കുകയായിരുന്നുവെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.എന്‍.അരവിന്ദ് പറഞ്ഞു. ശരീരത്തില്‍ മറ്റു പരുക്കുകളില്ല.

ENGLISH SUMMARY:

Confident Group Chairman CJ Roy died by suicide using his licensed Australian-made pistol during an income tax raid. The investigation confirms he used a gun he always kept in his briefcase, leading to fatal injuries to his heart and abdomen.