സമ്പദ്‌വ്യവസ്ഥ സുസ്ഥിരമെന്ന വിലയിരുത്തലുകള്‍ക്കിടെ കേന്ദ്ര ബജറ്റ് നാളെ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും നടപടികളുണ്ടാകും. എ.ഐ അടക്കം സാങ്കേതിക മേഖലയ്ക്കും പരിഗണന ലഭിച്ചേക്കും. ആദായനികുതി ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല.
മുന്‍ വര്‍ഷങ്ങളിലൊക്കെ കേരളത്തിന് കേന്ദ്രബജറ്റില്‍ അവഗണന ആയിരുന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയത് ഇത്തവണത്തെ പ്രതീക്ഷ നല്‍കുന്നു. ചുരുങ്ങിയപക്ഷം എയിംസെങ്കിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന് പുറമെ ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കും വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ആദായ നികുതി സ്ലാബുകളില്‍ ഇത്തവണ മാറ്റം ഉണ്ടാകാന്‍ ഇടയില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയില്‍ നിന്ന് ഒരുലക്ഷം ആക്കി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ദമ്പതികളുടെ വരുമാനം ഒരുമിച്ചുചേര്‍ത്ത് ആദായനികുതി നിശ്ചയിക്കുന്ന ജോയിന്‍റ് ടാക്സ് സംവിധാനം കൊണ്ടുവരുമെന്നും അഭ്യൂഹങ്ങളുണ്ട്.
ആഭ്യന്തര വിപണിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ കൂടുതലായി ഉണ്ടാകും. റോഡുകള്‍, റെയില്‍വെ തുടങ്ങി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും കാര്യമായ നീക്കിയിരിപ്പ് പ്രതീക്ഷിക്കാം. നിര്‍മിത ബുദ്ധി, ചിപ് നിര്‍മാണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്രാധാന്യം ഉണ്ടാകും. സ്ത്രീ ശാക്തീകരണ പദ്ധതികളും പ്രതീക്ഷിക്കാം. ജനപ്രിയ പദ്ധതികള്‍ക്കൊപ്പം ഭാവിയുടെ വികസനം കൂടി ലക്ഷ്യമിട്ടായിരിക്കും നിര്‍മല സീതാരാമന്‍ ഒന്‍പതാമത് ബജറ്റ് അവതരിപ്പിക്കുക.