രാജ്യാന്തര അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് പൗരന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നു

ജമ്മുവിലെ സാംബ അതിര്‍ത്തിയില്‍ നുഴ​ഞ്ഞുകയറ്റശ്രമം വിഫലമാക്കി അതിര്‍ത്തിരക്ഷാസേന. രാജ്യാന്തര അതിര്‍ത്തിയിലൂടെ ഒളിച്ചുകടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ വെടിയേറ്റുമരിച്ചു. രാംഗഡ് സെക്ടറിലെ മാജ്‌റ ബോര്‍ഡര്‍ ഔട്ട്‍പോസ്റ്റിനരികെ ഞായറാഴ്ച രാത്രിയാണ് സൈനികര്‍ ആളനക്കം ശ്രദ്ധിച്ചത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ തിരികെപ്പോകാനോ കീഴടങ്ങാനോ കൂട്ടാക്കിയില്ല. ഒടുവില്‍ സൈന്യം വെടിയുതിര്‍ത്തു.

സാംബ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് പൗരന്‍റെ മൃതദേഹവുമായി പോകുന്ന ആംബുലന്‍സ്

വെടിയേറ്റയാളെ തേടിയുള്ള തിരച്ചിലിലാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് പാക്കിസ്ഥാനിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ലഹോര്‍ സ്വദേശി മുഹമ്മദ് ആരിഫ് എന്നാണ് തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്ളത്. 61 വയസുണ്ട്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ലോക്കല്‍ പൊലീസിനെ കൈമാറി. 

സാംബ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്ന മാജ്‌റ ബോര്‍ഡര്‍ ഔട്ട്‍പോസ്റ്റ്

മുഹമ്മദ് ആരിഫ് അതിര്‍ത്തി കടക്കാനുള്ള കാരണമടക്കം പൊലീസ് അന്വേഷിക്കും. അതേസമയം സാംബ ജില്ലയിലെ ദാബോയില്‍ പാക് ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ ജമ്മുകശ്മിര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പതിവ് പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാനിലെ ഒട്ടേറെ ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ വിശദമായ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ കൈവശമുള്ള കോണ്‍ടാക്ട് നമ്പറുകളുടെ സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. 

BSF Kills Pakistani Infiltrator at Samba Border in Jammu & Kashmir:

The Border Security Force (BSF) thwarted an infiltration attempt along the International Border in the Samba district of Jammu and Kashmir. A 61-year-old Pakistani national, identified as Muhammad Arif from Lahore, was shot dead after ignoring multiple warnings to surrender near the Ramgarh sector. While his body has been handed over to the local police for further investigation, security agencies are looking into his motives for crossing the border. In a related development, police in the same district detained another individual found with numerous Pakistani contacts on his mobile phone for further questioning.